————————————————————————-
മോനെ ….. സ്നേഹത്തോടെയുള്ള ആ വിളി കാതുകളെ തഴുകിയപ്പോൾ ഓർമകളുടെ മുറ്റത്തു നിന്നും ഞാൻ തിരിച്ചു വന്നു.. ഗേറ്റിലെ കമ്പി അമർന്നു നിന്ന പാടുകളുള്ള മുഖവുമായി ഞാൻ തിരിഞ്ഞു നോക്കി.. കല്ല്യാണിയമ്മ!! എന്റെ മുഖം കണ്ടതും അവരുടെ മുഖത്തു സന്തോഷം ഞാൻ കണ്ടു.. ഉതിർന്നു വന്ന കണ്ണീരുകളെ തുടച്ചു ഞാൻ അവരെയും കൂട്ടി തറവാട്ടിലേക്കു നടന്നു. ദേവകിയമ്മയുടെ കയ്യിൽ നിന്നും 500 രൂപ വാങ്ങി അവർക്കു കൊടുത്തു.. ആദ്യമായി കരഞ്ഞു കൊണ്ടവർ നന്ദി പറഞ്ഞു പോയി.. പടി വാതിൽക്കലെത്തിയപ്പോൾ ആ കണ്ണീരുകൾ മാഞ്ഞു വലിയൊരു ചിരിയുമായി അവർ മടങ്ങി..
“”ഇങ്ങനെയൊക്കെ നല്ല ശീലം ള്ളത് നല്ലതാ സഞ്ചൂട്ടാ “” ഞാൻ അവർക്ക് പൈസ കൊടുത്തതിഷ്ടപ്പെട്ട അച്ഛമ്മ ദേവകിയമ്മ പറഞ്ഞു.
“”ഞാൻ ചെയ്യാറുണ്ടച്ചമ്മേ.. ഉള്ള പൈസയൊക്കെ വച്ചു ഞാൻ അഡ്ജസ്റ്റ് ചെയ്യാറുണ്ട് “” ഉമ്മറ പടിയിലിരുന്നു ഞങ്ങൾ സംസാരിച്ചു..
“” മോന് ദേഷ്യമുണ്ടോ എന്നോട്.. അന്നടിച്ചതിന് “”
“”ഇല്ലച്ചമ്മേ, ഒരു ദേഷ്യവുമില്ല.. നിങ്ങളാരും സത്യം മനസിലാക്കാത്തതിലുള്ള ദുഃഖം മാത്രേയുള്ളു.”” ആ മടിയിൽ തലവച്ചു ഞാൻ പറഞ്ഞു..
“”അപ്പൊ നിയ്യും അനുവും ശരിക്കും ഇഷ്ടത്തിലായിരുന്നോ?””
“”അതേ, അന്ന്.. വേണ്ടച്ചമ്മേ ഇനിയതിനെ കുറിച്ച് സംസാരിക്കണ്ട പ്ലീസ്.. “”
“”Mm. നോക്കട്ടെ ഞാൻ “”
“”വല്യമ്മായിക്കും അമ്മാവനും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ.. “” അനികയുടെ അച്ഛനെയും അമ്മയെയും കുറിച്ച് ഞാൻ ചോദിച്ചു..