“”ഇനി നീ സത്യം പറഞ്ഞില്ലെങ്കിൽ എന്റെ ശവം ഇവിടെ വീഴും “” അമ്മയത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ ദേവകിയമ്മ വന്നെന്റെ മുഖത്തൊരെണ്ണം തന്നു.. അത് കണ്ടു നിൽക്കാനാവാതെ അങ്കി അവളുടെ മുറിയിലേക്കോടി..
സഹികെട്ട ഞാൻ ഒരു പെണ്ണ് കേസിനെക്കാളും നല്ലത് അങ്കിയുടെ കാര്യം പറയുന്നതാണ് നല്ലതെന്നു തോന്നി..
“”ഞാൻ അനികയെ കാണാൻ വന്നതാ”” തല താഴ്ത്തി ഞാൻ പറഞ്ഞപ്പോൾ അത് വരെ ശബ്ധിച്ചവരെല്ലാവരും മിണ്ടാതെ നിന്നു. അങ്കിയുടെ അച്ഛനും അമ്മയും അതുകേട്ടു ഞെട്ടി അവളെ നോക്കി. അവളെ കാണാതായപ്പോൾ അവർ രണ്ടു പേരും റൂമിലേക്ക് അവളെ തിരഞ്ഞു പോയി.
“”നീയെന്തിനാ ഈ നേരത്തു അവളെ കാണുന്നെ..”” ചെറിയമ്മാവൻ ചോദിച്ചു. എല്ലാവരുടെയും കണ്ണുകളും കാതുകളും എന്റെ നേർക്കായി..
“”ഞങ്ങൾ ഇഷ്ടത്തിലാ “” തലയുയർത്താതെ ഞാനതു പറഞ്ഞപ്പോൾ അമ്മ എണീറ്റ് വന്നു.
“”പക്ഷെ ആ ഓടിപ്പോയ പെണ്ണെതാ, അതെന്തായാലും അനികയല്ല “” ചെറിയമ്മായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു..
“”അതെനിക്കറിയില്ല “” തലയുയർത്തി ഞാൻ പറഞ്ഞു. ആ ഒരു ചോദ്യം എന്റെ മനസിലും ഉണ്ടായിരുന്നു..
“”അവന്റെ അഭിനയം കണ്ടില്ലേ, അനികയെവിടെ..”” അമ്മാവന്മാർ കലിപ്പിലാണ്. അവർ അനികയെ തിരഞ്ഞു.. അപ്പോഴേക്കും കരഞ്ഞുകലങ്ങിയ മുഖവുമായി അങ്കിയും അവളുടെ അച്ഛനും അമ്മയും വന്നു.
“”ഇവൻ പറയുന്നത് സത്യമാണോ? നിന്നെ കാണാനാണോ ഇവൻ വന്നേ? “” ചെറിയമ്മായി ദേഷ്യത്തിൽ അവളെ പിടിച്ചു ചോദിച്ചു.. അവളുടെ മറുപടിക്കായി എല്ലാവരും കാത്തു നിൽക്കെ അവൾ അവളുടെ അച്ഛനെയും അമ്മയേയും നോക്കി.