ചായ കുടി കഴിഞ്ഞു വീടിന്റെ മുകളിലേക്കോടിയ ഞാനും അങ്കിയും പുറത്തേക്കു കാണാവുന്ന ബാൽക്കണിയിൽ ഇരുന്നു.. അവിടെയിരുന്നാൽ വീടിനോട് ചാരി നിൽക്കുന്ന മാമ്പഴം കൈകൊണ്ടു പറിക്കാൻ കിട്ടും.. ചിലപ്പോൾ പഠിക്കാനിരിക്കുന്ന സമയത്ത് ഓരോ മാങ്ങ പറിച്ചു അതിൽ ഉപ്പും മുളകും ചേർത്ത് ഒരു കൈപ്പുണ്ട്.. ഹോ…
അവിടെയിരുന്നു ഞങ്ങൾ നീലിമയുടെയും അഭിയുടെയും കാര്യത്തിനുള്ള ചർച്ച ആരംഭിച്ചു..
“”നമ്മൾ ക്ലാസ്സിൽ നിന്നും സംസാരിച്ചതുപോലെ രണ്ടുപേരുടെയും പേരിൽ ഓരോ കത്തുകൾ എഴുതി നൽകാം “” ഒരു ഡീറ്റെക്റ്റിവിനെ പോലെ ഞാൻ സംസാരിച്ചു..
“”അതേ, അവൾക്കു ഞാൻ കൊടുക്കാം അഭിക്ക് നീ കൊടുത്താൽ മതി “” കണ്ണുകൾ കണ്ണുകളിലേക്ക് നോക്കിയവൾ പറഞ്ഞു.
“”പക്ഷെ കത്തിലെന്തെഴുതും, നിനക്കെന്തേലും ഐഡിയ കിട്ടുന്നുണ്ടോ “”
“”എനിക്കൊന്നും കിട്ടുന്നില്ല, നീ ഒരാൺകുട്ടിയല്ലേ അപ്പൊ എന്തെങ്കിലും മനസ്സിൽ വരാതിരിക്കില്ല “”
“”ഞാനതിനു ഇതുവരെ ആർക്കും എഴുതിയിട്ടില്ലല്ലോ.. ഇനിയെന്ത് ചെയ്യും “”
“”എനിക്ക് നിന്നെ ഇഷ്ടമാണ്.. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഇങ്ങനെയൊന്നു എഴുതി നോക്കിയാലോ?””
“”ഇതെഴുതാൻ ഇത്രേം ആലോചിക്കണോ? അതൊന്നും പറ്റില്ല മങ്കി.. വേറെന്തെങ്കിലും പറ “”
“”ഒരു കാര്യം ചെയ്യാം നീയെനിക്കൊരു കത്ത് എഴുത്.. ഞാൻ നിനക്കും എഴുതാം.. അതെങ്ങനെയുണ്ട്?”” വലിയൊരു ഐഡിയ കിട്ടിയതുപോലെ കണ്ണുകൾ വലുതാക്കി അവൾ പറഞ്ഞു.
“”അതുകൊള്ളാം.. എന്നിട്ട് അതേപോലെ അവരുടെ പേരുവെച്ചെഴുതി കൊടുക്കാം “”