ടൈൽ റോഡിന്റെ ഇടതുവശത്ത് വരി വരിയായി പതിനെട്ടും, വലതു വശത്ത് പന്ത്രണ്ട് കോട്ടേജും.
“മൊത്തം മുപ്പത് കോട്ടേജുകൾ. കാണാന്‍ നല്ല ഭംഗിയുണ്ട്” ചേട്ടനോട് ഞാൻ പറഞ്ഞു.
ഇതുപോലെ ഒരെണ്ണത്തിൽ ഞാനും ചേട്ടനും മാത്രമായി ജീവിക്കുന്നത് പോലെ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയതും എന്റെ മുഖം ചൂട് പിടിച്ചു. മനസ്സിൽ കുളിര് കോരി.
“അതെല്ലാം നമ്മുടെ കോട്ടേജുകളാണ്.” പുഞ്ചിരിയോടെ ചേട്ടൻ പറഞ്ഞതും ഞാൻ മിഴിച്ചിരുന്ന് പുറത്തേക്കും ചേട്ടനെയും മാറിമാറി നോക്കി.
അതിനു ശേഷമാണ് — “നമ്മുടെ കോട്ടേജ്” എന്ന് ചേട്ടൻ എന്നെയും ഉൾപ്പെടുത്തി പറഞ്ഞ കാര്യം ഓര്‍ത്തത്. എന്തോ വല്ലാത്ത സന്തോഷം തോന്നി. പണ്ടു തൊട്ടേ ആരെങ്കിലും ഒക്കെ ചേട്ടന്റെ കൂടെ എന്നെയും ചേര്‍ത്തു പറയുന്നത് കേൾക്കുമ്പോ എനിക്ക് ഭയങ്കര സന്തോഷമാണ്.
ചേട്ടന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടോ എന്നു ചോദിക്കാന്‍ മനസ്സു വെമ്പി. പക്ഷേ ഇപ്പോഴും ഡെയ്സിയെ ഓര്‍ത്തു ജീവിക്കുന്ന ചേട്ടനോട് അങ്ങനെ ചോദിക്കുന്നത് മണ്ടത്തരം ആയിരിക്കും.
ചാടിക്കേറി അങ്ങനെ ചോദിച്ചാൽ ചേട്ടന് എന്നോട് വെറുപ്പ് തോനുമെന്ന് ഞാൻ ഭയന്നു. ചിലപ്പോ, കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ ചേട്ടനോട് കാണിക്കുന്ന അമിതമായ സ്വാതന്ത്രം പോലും എനിക്ക് നഷ്ടമായേക്കും. അതുകൊണ്ട് അങ്ങനെ ചോദിക്കാന്‍ ഞാൻ തുനിഞ്ഞില്ല.
ഇടതു ലൈനിൽ ഏറ്റവും അവസാനത്തെ കോട്ടേജ് ഗേറ്റിനു മുന്നില്‍ ചേട്ടൻ വണ്ടി കൊണ്ടു നിര്‍ത്തി. ആ ഗേറ്റിന് മുന്നില്‍ നിന്നും അല്‍പ്പം മാറി ഒരു പഴയ മോഡൽ ബജാജ് സ്ക്കൂട്ടർ പാർക്ക് ചെയ്തിരുന്നു. അന്‍പതിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ അതിൽ ചാരി നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. നെറ്റിയും കഴുത്തിലും ഒരുപാട് വിഭൂതി പൂശിയിരുന്നത് കണ്ടിട്ട് അദ്ദേഹം വല്ല സന്യാസിയും ആണോന്ന് ഞാൻ സംശയിച്ചു.