എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ സ്തംഭിച്ചു കിടന്നു. ഒരിക്കല്‍ കൂടി എന്റെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. എനിക്ക് അവളോട് ദേഷ്യം ഒന്നും തോന്നിയില്ല.
ഉള്ളില്‍ അവളോട് സ്നേഹം കിനിയുന്നത് മാത്രം ഞാൻ അറിഞ്ഞു.
അവള്‍ക്ക് ഇങ്ങനെയാണ് കിടക്കാന്‍ ആഗ്രഹം എങ്കിൽ അവള്‍ ഇങ്ങനെ തന്നെ കിടന്നോട്ടെ. അവളുടെ മുകളില്‍ നിന്നും നേരത്തെ എടുത്തു മാറ്റിയ കൈ ഞാൻ അവളുടെ മുകളിലൂടെ തന്നെ ചുറ്റിപ്പിടിച്ചു.
ഉടനെ ഡാലിയ എന്റെ കൈകളിൽ ഒതുങ്ങിക്കൂടി എന്നെയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
“ചേട്ടാ…!”
“എന്തേ…?”
“ഒ… ഒന്നുമില്ല…” അവളുടെ ശബ്ദത്തില്‍ നല്ല വിഷമം നിറഞ്ഞിരുന്നു.
പെട്ടന്ന് ഡാലിയയുടെ ഹൃദയം വളരെ വേഗത്തിൽ തുടിക്കുന്നത് എന്റെ മാറില്‍ അനുഭവപ്പെട്ടു. അവള്‍ നല്ല വിഷമത്തിൽ ആണെന്ന് അറിഞ്ഞതും എനിക്ക് സങ്കടം തോന്നി. കഴിയുന്നത്ര അവളെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചു.
“ചേട്ടാ….!!” അല്‍പ്പം കഴിഞ്ഞ് അവള്‍ പിന്നെയും വിളിച്ചു.
“എന്തേ…” സ്നേഹത്തോടെ ഞാൻ ചോദിച്ചതും അവളുടെ ഹൃദയം അല്‍പ്പം വേഗത കുറച്ചത് ഞാൻ അറിഞ്ഞു.
“ഒന്നുമില്ല….” അവള്‍ പിന്നെയും പറഞ്ഞു.
ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും ഞാൻ ചിരിച്ചില്ല. ചിലപ്പോ അവള്‍ക്ക് ദേഷ്യം വരും.
പക്ഷേ പെട്ടന്ന് അവള്‍ എന്നില്‍ നിന്നും മാറി എന്റെ ഹൃദയ ഭാഗത്ത് അമർത്തി ഉമ്മ തന്നിട്ട് വേഗം പഴയപോലെ എന്നെ കെട്ടിപിടിച്ചു കിടന്നതും ഞാൻ ഞെട്ടി.
എന്തെങ്കിലും പറയാനോ ചിന്തിക്കാനോ കഴിഞ്ഞില്ല. സ്തംഭിച്ച് കുറേനേരം ഞാൻ അങ്ങനെയേ കിടന്നു.