“ഏഴു മണിക്ക് മാസ് തുടങ്ങും. 6:40 ആവുമ്പോ ഇവിടന്ന് പോകാം.” ഞാൻ പറഞ്ഞു. “പിന്നെ ഇവിടെയൊക്കെ ചുറ്റി കാണാന്‍ ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഉണ്ട്. മാസ് കഴിഞ്ഞ് നമുക്ക് അവിടെ എല്ലാം കറങ്ങി നോക്കിയിട്ട് തിരികെ വരാം. നി എന്തു പറയുന്നു?”
“എനിക്ക് ഒക്കേ.” അവള്‍ ഭയങ്കര ഉത്സാഹം കാണിച്ചു. “നമുക്ക് അല്ലിയേം അരുളിനേം കൂട്ടാം.” അവള്‍ അത് പറയുമ്പോ ചെറുതായി ഉത്സാഹം കുറയുന്നത് ഞാൻ ശ്രദ്ധിച്ചു.
“എനക്കും അരുള്‍ അണ്ണാവുക്കും വര മുടിയാത്, അക്കാ.” പുറകില്‍ നിന്നും അല്ലി പറയുന്നത് കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി.
“നി എപ്പോ വന്നു?” ഡാലിയ പുഞ്ചിരിയോടെ ചോദിച്ചു.
“ഇപ്പ താൻ. ഉള്ള വരുമ്പോതേ നീങ്ക പേസിനത് എല്ലാം എനക്ക് കേട്ടിച്ച്.” അല്ലി നടന്നു വന്ന് എന്റെ കൈ പിടിച്ചു വിരലുകള്‍ ഓരോന്നായി വലിച്ചു നൊടിച്ചു.
എന്റെ മുഖത്ത് പെട്ടന്ന് അവളോടുള്ള വാത്സല്യം പ്രത്യക്ഷമായി.
“നി എന്തുകൊണ്ടാ വരുന്നില്ലെന്ന് പറഞ്ഞേ?” ചോദിച്ചു കൊണ്ട് ചായ മൂന്ന് ഗ്ളാസിലായി ഡാലിയ ഒഴിച്ചു.
എനിക്കും അല്ലിക്കും ഓരോ ഗ്ലാസ്സ് തന്നിട്ട് ഡാലിയയും ചായ എടുത്തു.
“എനക്ക് നെറയ പഠിക്ക ഉണ്ട്. അരുള്‍ അണ്ണാ എപ്പവുമേ ബിസി. അതനാല എങ്കളുക്ക് വര മുടിയാത്.” അത്രയും പറഞ്ഞിട്ട്, ഞാൻ കാണില്ലെന്ന് കരുതി, എന്തോ സിഗ്നല്‍ കൊടുക്കാൻ എന്നപോലെ അല്ലി ഡാലിയക്ക് കണ്ണിറുക്കി കാണിച്ചു. അവരുടെ ആ കോഡ് ഒന്നും എനിക്ക് മനസ്സിലായില്ല.
ഓഹോ, ഇവർ രണ്ടും വളരെ പെട്ടന്ന് തന്നെ കൂട്ട് കള്ളികളായി മാറി കഴിഞ്ഞു അല്ലേ…!! ഉള്ളില്‍ ഞാൻ ചിരിച്ചു.