“ചേട്ടന് ചായ വേണോ കോഫി വേണോ?” എന്നെ നോക്കാതെ ഫ്രിഡ്ജിൽ നിന്നും പാല്‍ എടുക്കുന്നതിനിടെ അവള്‍ ചോദിച്ചു.
എനിക്ക് കോഫീയും ചായയും ഒരുപോലെ ഇഷ്ട്ടമാണ്. പക്ഷേ ചില സമയങ്ങളില്‍ എനിക്ക് ഏതെങ്കിലും ഒന്നിനോട് കൂടുതൽ താല്‍പര്യം തോന്നാറുണ്ട്. അത് അവള്‍ക്കും അറിയാവുന്നത് കൊണ്ടാ അവള്‍ അങ്ങനെ ചോദിച്ചത്.
“ഏതായാലും മതി.”
അവള്‍ മിണ്ടാതെ ചെന്ന് ചായ വച്ചു. അല്‍പ്പനേരം ഞാൻ അവളെ തന്നെ നോക്കി കസേരയില്‍ ഇരുന്നു. അവളുടെ അപ്രസന്നമായ മുഖം കണ്ടിട്ട് എനിക്ക് നല്ല വിഷമമുണ്ടായി.
ഞാൻ നാട്ടില്‍ ഓണത്തിന് പോയത് തൊട്ട് എന്നോട് തൊടങ്ങിയതാണ് ഇവളുടെ ഈ തൊട്ടവാടിത്തരം. ഈയിടെയായി വലിയ കാരണങ്ങൾ ഒന്നും ഇല്ലാതെ എന്നോട് പെട്ടന്ന് പെട്ടന്നാണ് പിണങ്ങുന്നുമുണ്ട്.. ചിലപ്പോ എന്നോട് ദേഷ്യവും കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ എന്ന് അറിയാമെങ്കിലും എന്റെ മനസ്സ് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ അനുവദിക്കുന്നില്ല.
“എടി കള്ളി.” എഴുനേറ്റ് ചെന്ന് ചായ തിളയ്ക്കുന്നത് നോക്കി നിന്ന അവളുടെ ഇടുപ്പിൽ വിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തതും ചിരിച്ചുകൊണ്ട് അവള്‍ ചാടി മാറി.
“എന്താടാ കള്ളാ.” അപ്രസന്നതയൊക്കെ പെട്ടന്ന് മാറി കുസൃതിയോടെ അവൾ ചോദിച്ചു.
“നി ദൈവത്തിന്റെ സ്വന്തം മോളല്ലേ, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോക്ക് മുടക്കാറില്ലല്ലോ..! രണ്ടു കിലോമീറ്റർ മാറി ഒരു ചർച് ഉണ്ട്. നാളെ മാസ് കാണാന്‍ വരുന്നേ?”
“നമുക്ക് പോകാം ചേട്ടാ.” സന്തോഷം ആ മുഖത്ത് തെളിഞ്ഞു. “എത്ര മണിക്ക് ഇവിടെ നിന്ന് പോണം?” അവള്‍ തിരക്കി.