എന്നെയും അറിയാതെ ഞാൻ ഡാലിയയോട് കൂടുതൽ അടുക്കുകയാണോ? അവള്‍ക്കടുത്ത് ഞാൻ ഉള്ളപ്പോ എന്നെ തന്നെ ഞാൻ മറക്കുന്നു…. ഉള്ളില്‍ നിന്നും അവളോട് സ്നേഹം കിനിയുന്നു…. അവളുടെ മുഖത്ത് എപ്പോഴും സന്തോഷം കാണാന്‍ എന്തു വേണമെങ്കിലും അവള്‍ക്ക് സാധിച്ചു കൊടുക്കാന്‍ തോനുന്നു. എന്താണ് എനിക്ക് സംഭവിച്ചത്?!
തലയാട്ടി കൊണ്ട് കാർ വാഷർ ഹോസ് എടുത്ത് അതിന്റെ സ്പ്രേ ഗൺ വണ്ടിക്ക് നേരെ പിടിച്ചു.
“അണ്ണാ…” ഗേറ്റിനകത്ത് സ്ക്കൂട്ടി കേറിയ പാടെ അല്ലി സന്തോഷത്തോടെ വിളിച്ചുകൂവുന്നത് കേട്ട് ഒരു ചിരിയോടെ ഞാൻ നോക്കി.
അവള്‍ എന്റെ വണ്ടിയില്‍ നിന്നും അല്‍പ്പം മാറി പാർക്ക് ചെയ്തിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു. എന്നിട്ട് എന്റെ കൈയിൽ നിന്നും സ്പ്രേ ഗൺ തട്ടിപ്പറിച്ച് എന്റെ വണ്ടിയില്‍ ഞാൻ തേച്ചു പിടിപ്പിച്ച ലിക്യുഡ് കഴുകി കളയാന്‍ തുടങ്ങി.
“എടി, എപ്പോഴും നി ഇങ്ങനെ ഓടുന്നത് എന്തിനാ?” ചിരിയോടെ ഞാൻ ചോദിച്ചു.
“വെറുതേയല്ല, എപ്പോഴും ഇങ്ങനെ പറക്കുന്നത് കൊണ്ടാ ചേട്ടൻ നിന്നെ ചിത്രശലഭം എന്ന് പറയുന്നത്..” അല്ലിയെ നോക്കി ചിരിച്ചുകൊണ്ട് ഡാലിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വന്നു.
ഇത്ര വേഗം ഇവൾ എണീറ്റോ….? ശെരിക്കും ഇവള്‍ നേരത്തെ ഇറങ്ങുകയായിരുന്നോ, അതോ ഉറങ്ങിയത് പോലെ അഭിനയിച്ച് റൂമിൽ വച്ച് കാട്ടിക്കൂട്ടിയതൊക്കെ ഇവളുടെ കുസൃതികള്‍ ആയിരുന്നോ? ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
സാധാരണയായി ഡാലിയ എന്റെ അടുത്തേക്ക് വരുമ്പോ എന്നെ നോക്കി പുഞ്ചിരിക്കുന്നത് പതിവാണ്. പക്ഷേ ഡാലിയ ഇപ്പൊ എന്റെ മുഖത്ത് നോക്കുക പോലും ചെയ്യുന്നില്ല. മുഖത്ത് ടൺ കണക്കിന് നാണം നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.