ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് അയാള്‍ പുഞ്ചിരിച്ചു.
“എനിക്ക് റൂബിന്‍ തമ്പിയാണ് ഇവിടെ ജോലി വാങ്ങിച്ചു തന്നത്. അവന്‍ എനിക്ക് അനിയന്‍ പോലെയാണ്. അതുകൊണ്ട് നിന്നെ ഞാൻ അനിയത്തിയെ പോലെയാ കാണുന്നത്. അതുകൊണ്ടാണ് നിന്നോട് ഞാൻ അടുപ്പം കാണിച്ചത്. എന്നെ കണ്ടു പേടിക്കേണ്ട കാര്യമില്ല.” ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് അയാള്‍ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി. “പിന്നേ, അവന്‍ എന്നെ ഭീമന്‍ എന്ന് തന്നെയാ വിളിക്കാറുള്ളത്… ഞങ്ങൾ ഒറ്റക്കുള്ളപ്പോ മാത്രമേ അവൻ അങ്ങനെ വിളിക്കു.” അയാള്‍ പറഞ്ഞിട്ട് ചിരിച്ചു.
അതുകേട്ട് ഞാനും വായ് പൊത്തി ചിരിച്ചു.
“ഇനി മോള് ചെന്ന് ഇന്റര്‍വ്യൂ കഴിഞ്ഞ കാര്യം അവനെ വിളിച്ചു പറ.” അത്രയും പറഞ്ഞിട്ട് സാമുവേല്‍ ചേട്ടൻ വേഗം പുറത്തേക്ക് പോയി.
അവിടെ ഇരുന്നുകൊണ്ട് ഞാൻ ചേട്ടനെ വിളിച്ചു. ഇരുപത് മിനിറ്റിൽ ചേട്ടൻ പുറത്ത് പാർക്കിംഗിൽ എത്തുമെന്ന് പറഞ്ഞതും ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു. ഇവിടെ നിന്ന് പാര്‍ക്കിംഗിൽ നടന്നെത്താൻ തന്നെ അര മണിക്കൂര്‍ വേണം. ഞാൻ സ്പീഡായി നടന്നു.
പാർക്കിംഗ് എത്തിയപ്പോ ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞാൻ ചെന്ന് വണ്ടിയില്‍ കേറി.
“ഇന്റര്‍വ്യൂ എങ്ങനെ ഉണ്ടായിരുന്നു?” പ്രതീക്ഷയോടെ ചേട്ടൻ ചോദിച്ചു.
“കിട്ടുമെന്ന വിശ്വസമുണ്ട്. എന്നാലും ഒരു പേടി.” ഞാൻ പറഞ്ഞു. “ഞാൻ സെലക്ട് ആയെങ്കിൽ മൂന്ന് ദിവസത്തില്‍ എന്റെ ഓഫർ ലെറ്റർ എനിക്ക് മെയിലിൽ വരും , അപ്പോ ഇങ്ങോട്ട് വന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യണം.”