അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. പക്ഷേ പുള്ളി എന്നോട് പെട്ടന്ന് ഇങ്ങനെ അടുപ്പം കാണിക്കാനുള്ള കാരണം എനിക്ക് മനസ്സിലായില്ല. ആ സംശയം എന്റെ മുഖത്ത് അയാള്‍ കണ്ടു കാണും.
“നിനക്ക് അല്ലിയും അരുളും അറിയാമോ?” സാമുവേല്‍ അണ്ണൻ ചോദിച്ചു.
“അറിയാം.” ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു.
“അവരുടെ കഥ അറിയാമോ?”
“അറിയാം. ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ അല്ലിയും എന്നോട് പറഞ്ഞിട്ടുണ്ട്.” അയാളുടെ ചോദ്യങ്ങൾ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് അറിയാതെ ഞാൻ അയാളെ മിഴിച്ചു നോക്കി.
“അവർ കുഞ്ഞമ്മ എന്ന് വിളിച്ചിരുന്ന സ്ത്രീയേ കുറിച്ചും കേട്ടിട്ടുണ്ടോ?” അയാള്‍ ചോദിച്ചു.
“കേട്ടിട്ടുണ്ട്.”
“ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു ഞാൻ.”
അയാള്‍ പറഞ്ഞത് കേട്ട് ഞാൻ വിരണ്ടു. പെട്ടന്ന് ഓടി രക്ഷപ്പെടാന്‍ തോന്നി.
“മോള് പേടിക്കേണ്ട. ഞാൻ അവരുടെ ആ വൃത്തികെട്ട കൂട്ടത്തിൽ പെട്ടവനല്ല. ഞാൻ പട്ടാളത്തില്‍ ആയിരുന്നു. അവളെ കെട്ടുമ്പോ അവളുടെ ആ വൃത്തികെട്ട ബാക് ഗ്രൌണ്ട് എനിക്ക് അറിയില്ലായിരുന്നു.” സാമുവേല്‍ അണ്ണൻ ധൃതിയില്‍ പറഞ്ഞു നിര്‍ത്തി.
അയാള്‍ പെട്ടന്ന് ആരെങ്കിലും ഞങ്ങളുടെ സംഭാഷണം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അയാളെന്നെ നോക്കി.
ഞാൻ അന്തിച്ചു നില്‍ക്കുകയായിരുന്നു.
“ആ കഥയെ കുറിച്ച് വിശദമായി ഇവിടെ വച്ച് പറയാൻ കഴിയില്ല. ഇപ്പോൾ ഒരു പ്രധാന കാര്യം മാത്രം ഞാൻ ചുരുക്കി പറയാം — അല്ലിയും അരുളെയും റൂബിന്‍ രക്ഷപ്പെടുത്തിയ ശേഷം റൂബിന്‍ എങ്ങനെയോ എന്നെ തിരക്കിപ്പിടിച്ചു വന്നു. ഞാനും റൂബിനും ചേര്‍ന്ന് അവരുടെ ആ വേശ്യാലയം തകർത്ത് തരിപ്പണമാക്കി. ഇതിന്റെ വിശദമായ വിവരങ്ങൾ നി റൂബിനോട് എപ്പോഴെങ്കിലും ചോദിച്ചാൽ മതി.”