ചേട്ടൻ പറഞ്ഞത് കേട്ട് സാമുവേല്‍ അണ്ണൻ അന്തിച്ചു നിന്നു. പക്ഷേ പെട്ടന്ന് അയാള്‍ എന്നെ നോക്കി. അയാളുടെ കണ്ണുകളില്‍ ബഹുമാനം ഉണ്ടായിരുന്നു. ആദ്യമായി അയാള്‍ എനിക്കൊരു പുഞ്ചിരി തന്നു.
“സരി, വാമാ നേരമാച്ച്.” എന്നും പറഞ്ഞ് സാമുവേല്‍ ചേട്ടൻ ഐ പാഡിൽ എന്തോ കുത്തി കുറിച്ചു. എന്നിട്ട് ചേട്ടനെ തോളില്‍ ഒന്ന് മെല്ലെ തട്ടിയ ശേഷം അയാളുടെ കൂടെ എന്നെ ചെല്ലാൻ പറഞ്ഞിട്ട് പുള്ളി നടക്കാൻ തുടങ്ങി.
ചേട്ടൻ എന്റെ കഴിവിൻ മേല്‍ ഇത്രമാത്രം വിശ്വാസം വച്ചിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാൻ എന്ന വ്യക്തിയെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും ഞാൻ നല്ലതുപോലെ മനസ്സിലാക്കി. എനിക്ക് ചേട്ടനോട് കൂടുതൽ സ്നേഹവും ബഹുമാനവും ആരാധനയും തോന്നി.
“ഞാൻ പോട്ടെ. ഇന്റര്‍വ്യൂ കഴിഞ്ഞതും ചേട്ടനെ വിളിക്കാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഞാൻ വേഗം സാമുവേല്‍ ചേട്ടന്റെ അടുത്തേക്ക് പോകാൻ തുടങ്ങി.
പക്ഷേ എനിക്കൊരു കുസൃതി തോന്നിയതും ഞാൻ നിന്നു.
“സാമുവേല്‍ അണ്ണനെ ചേട്ടൻ ഭീമന്‍ എന്ന് വിളിച്ച കാര്യം അയാളോട് ഞാൻ പറയട്ടെ?” കുസൃതിയോടെ ഞാൻ ചോദിച്ചു.
“അയ്യോ… എന്റെ പോന്നു ഡാലി…. എന്നെ കൊലയ്ക്ക് കൊടുക്കരുത്.” ചേട്ടൻ തമാശയ്ക്ക് കൈ കൂപ്പി.
ഞാൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു. അപ്പോഴാണ് സാമുവേല്‍ ചേട്ടൻ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടത്.
ഈശ്വരാ… അയാള്‍ കേട്ടു കാണുമോ? ഞാൻ വേഗം അയാള്‍ക്കടുത്തേക്ക് നടന്നു.
*****************
ഏറ്റവും അവസാനമാണ് എന്നെ വിളിച്ചത്. എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോ രണ്ടരയായി. ഭയങ്കര ടഫ് ആയിരുന്നു. പക്ഷെ എല്ലാം ഞാൻ നന്നായി ചെയ്തു എന്ന വിശ്വാസം എനിക്കുണ്ട്. ഇന്റര്‍വ്യൂ കഴിഞ്ഞ് സാമുവേല്‍ ചേട്ടൻ എന്നെ വെയിറ്റിംഗ് ഹാളില്‍ കൂട്ടിക്കൊണ്ടു പോയി.