ചേട്ടന് ആറടി പൊക്കം ഉണ്ടെങ്കിലും ആ സെക്യൂരിറ്റിയുടെ അടുത്ത് ചെറിയ ആളെ പോലെ തോന്നി.
“സാമുവേല്‍ അണ്ണാ.” ചേട്ടൻ ജാള്യതയോടെ തല ചൊറിഞ്ഞത് കണ്ട് ചിരി വന്നെങ്കിലും ഞാൻ ചിരിക്കാതെ അവർ രണ്ടുപേരെയും നോക്കി നിന്നു.
അപ്പോ അയാളുടെ പേര് അറിഞ്ഞു വച്ചിട്ടും ചേട്ടൻ അയാളെ ഭീമന്‍ എന്ന് വിളിച്ചത് ഓര്‍ത്ത് ഞാൻ ചിരി അടക്കി.
“ഇത് എന്റെ ഭാര്യയുടെ അനിയത്തി, ഡാലിയ.” ചേട്ടൻ അയാളോട് പറഞ്ഞിട്ട് എന്നെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.
ഞാൻ വേഗം ചെന്ന് ചേട്ടന്റെ അടുത്ത് നിന്നു.
“ഓ.. അപ്പിടിയാ…”
“ഡാലിയക്കും ഇന്ന് ഇന്റര്‍വ്യൂ ഉണ്ട്. അതിനാണ് അവളെ ഞാൻ ഇങ്ങോട്ട് കൊണ്ടു വിട്ടത്.” അയാളോട് പറഞ്ഞിട്ട് ചേട്ടൻ എന്നെ നോക്കി പറഞ്ഞു, “ഡാലിയ, സാമുവേല്‍ ചേട്ടനാണ് ഈ കമ്പനിയുടെ ചീഫ് സെക്യൂരിറ്റി. ഏതു വിസിറ്റർസ് വന്നാലും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിൽ മാത്രമേ കമ്പനിക്കകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. ഇന്റര്‍വ്യൂവിന് വന്ന നിങ്ങളൊക്കെ വിസിറ്റർസ് കാറ്റഗരിയിൽ പെടും.”
“നിങ്ങടെ റിലേറ്റിവായ ഈ കുട്ടിയെ ഇന്റര്‍വ്യൂവിന് പറഞ്ഞു വിടേണ്ട കാര്യം ഒന്നും ഇല്ലായിരുന്നല്ലോ.” സാമുവേല്‍ അണ്ണൻ തമിഴില്‍ ചേട്ടനോട് പറഞ്ഞ വിവരം കേട്ടതും ഞാൻ ഞെട്ടി. “നിങ്ങൾ ദാമോദരന്‍ സർനോടോ വില്യം സർനോടോ നേരിട്ട് സംസാരിച്ചാൽ മതിയായിരുന്നല്ലോ. ഈ കുട്ടിക്ക് ജോലി കിട്ടുമായിരുന്നു.”
അത്രയും പറഞ്ഞിട്ട് സാമുവേല്‍ ചേട്ടൻ എന്നോടായി പറഞ്ഞു, “ഈ കമ്പനിയുടെ ഹെഡ് ആയ വില്യം സാറും—”
“സാമുവേല്‍ അണ്ണാ…” പെട്ടന്ന് ചേട്ടൻ അയാളെ തടസ്സപ്പെടുത്തി. “ഡാലിയ നല്ല മിടുക്കിയാണ്. ആരുടെ ശുപാര്‍ശയും ഇല്ലാതെ, സ്വന്തം പഠിപ്പും, കഴിവും, എക്സ്പീരിയൻസും ഉപയോഗിച്ച് ഈ ജോലി നേടിയെടുക്കാൻ ഡാലിയക്ക് കഴിയുമെന്ന് ഞാൻ പൂര്‍ണമായി വിശ്വസിക്കുന്നു. ഞാൻ ശുപാര്‍ശ ചെയ്താൽ അവളുടെ കഴിവിനെ ഞാൻ പുച്ഛിക്കുന്നത് പോലെയാവും.”