ചേട്ടന്റെ മുന്നില്‍ മാത്രമാണ് എന്നെയും അറിയാതെ നാണം വരുന്നത്. മറ്റുള്ളവരുടെ മുന്നില്‍ ഒക്കെ ഞാൻ എത്ര ബോള്‍ഡ് ആണെന്ന് എനിക്കല്ല അറിയൂ— മനസ്സിൽ ഞാൻ പറഞ്ഞു.
“ചേട്ടൻ എന്നെ ഇങ്ങനത്തെ ഡ്രസ്സിൽ കണ്ടിട്ടില്ലല്ലോ? അതുകൊണ്ട് ഇങ്ങനെ ചേട്ടന്റെ മുന്നില്‍ വന്നപ്പോ എന്തോ നാണം തോന്നി.”
“ശെരി, മാഡം വരു. നമുക്ക് പോകാം.”
“ദെ ചേട്ടാ… ചേട്ടന്‍ മാത്രം എന്നെ അങ്ങനെ ഒന്നും വിളിക്കരുത്.” ഞാൻ പെട്ടന്ന് ഭയങ്കരമായി ദേഷ്യപ്പെട്ടു.
എന്റെ ഇങ്ങനത്തെ ദേഷ്യം കണ്ടിട്ട് ചേട്ടന്റെ മുഖം വല്ലാണ്ടായി. ക്ഷമ ചോദിക്കും പോലെ ചേട്ടൻ വേഗം രണ്ടു കൈയും പെട്ടന്ന് അല്പം ഉയർത്തി കാണിച്ചു. കാരണം, ഇതുപോലെ ഒന്നും മുന്‍പ് ഒരിക്കലും ഞാൻ ചേട്ടനോട് ദേഷ്യപ്പെട്ടിട്ടില്ല. ചേട്ടന്റെ തമാശ വാക്കുകൾ എന്നെ എങ്ങനെയോ മുറിവേൽപ്പിച്ചെന്നു മാത്രം ചേട്ടന് മനസ്സിലായി. ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടതിൽ എനിക്ക് പെട്ടന്ന് വിഷമം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു.
ചേട്ടൻ എന്നെ മാഡം എന്ന് വിളിച്ചപ്പോ എനിക്കും ചേട്ടനും ഇടയില്‍ വലിയ അകല്‍ച്ച ഉണ്ടായത് പോലെയാ അനുഭവപ്പെട്ടത്. എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല…. ചേട്ടൻ എന്നില്‍ നിന്നും അകന്നു പോയി എന്ന പേടിയും ഉണ്ടായി. അതുകൊണ്ടാ ഞാൻ പെട്ടന്ന് എന്നെയും മറന്ന് ഇങ്ങനെ ദേഷ്യപ്പെട്ടു പോയത്.
ചേട്ടൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. എന്റെ മനസ്സ് നീറി.
എന്നെ സ്വയം പഴിച്ചു കൊണ്ട് അല്‍പ്പനേരം നിന്നിട്ട് ഞാൻ വേഗം പുറത്തു പോയി.