ചേട്ടനും വേഗം പുറത്തേക്ക് നടന്നപ്പോ ഞാനും ചേട്ടന്റെ കൂടെ പോയി. അല്ലി സ്ക്കൂട്ടിയിൽ കോറിയിട്ട് ഞങ്ങളെ നോക്കി ടാറ്റ കാണിച്ചു.
ഇവിടെ നിന്നും വെറും രണ്ടു മിനിറ്റ് നടന്നാല്‍ അവരുടെ കോട്ടേജ് എത്തും. സ്ക്കൂട്ടിയിൽ വെറും അര മിനിറ്റ് മതി. ഇവിടെ നിന്നും നോക്കിയാൽ പോലും അവരുടെ കോട്ടേജ് ചെറുതായി കാണാന്‍ കഴിയും. അതുകൊണ്ട് അവള്‍ ഒറ്റക്ക് പോകുന്നതില്‍ എനിക്ക് പേടിയില്ല. പരിസരവാസികൾ എല്ലാം വളരെ നല്ല മനുഷ്യരാണെന്ന് അല്ലി എന്നോട് പറഞ്ഞതാണ്. അവരെയൊക്കെ ചേട്ടനും അറിയാം. പക്ഷേ എന്നിട്ടും അവൾ സ്ക്കുട്ടി ഓടിച്ചു ചെന്ന് കോട്ടേജ് എത്തും വരെ ചേട്ടൻ സൂക്ഷ്മതയോടെ നോക്കി നിന്നു. ചേട്ടൻ അവളെ തന്നെ നോക്കി നില്‍ക്കുന്നത് അറിയാവുന്ന പോലെ ദൂരെ നിന്നും അല്ലി തിരിഞ്ഞു നോക്കുന്നത് അവ്യക്തമായിട്ടെങ്കിലും കാണാന്‍ കഴിഞ്ഞു.
“അല്ലി എപ്പോഴും ഇങ്ങനെയാണോ… ഇതുപോലെ എപ്പോഴും ചുറുചുറുക്കോടെ നല്ല ആക്റ്റീവ് ആയിരിക്കുമോ?” ഞാൻ പുഞ്ചിരിയോടെ ചോദിച്ചു.
“അന്നത്തെ ആ സംഭവം കഴിഞ്ഞ് അല്ലിയും അരുളെയും ഞാൻ കൂട്ടി കൊണ്ട് വന്ന ശേഷം അല്ലിക്ക് പുറത്തുള്ള ആരേ കണ്ടാലും പേടിയായിരുന്നു. എന്നോടും ഡെയ്സിയോടും അരുളോടും മാത്രമേ അവൾ സംസാരിക്കുമായിരുന്നുള്ള. വേറെ ആരേ കണ്ടാലും അവള്‍ ഓടി ചെന്ന് ഒളിച്ചിരിക്കും. നാല് മാസം പഠിക്കാൻ പോലും അവള്‍ പോയില്ല. ഡെയ്സിയാണ് അവളുടെ ആ പേടി മാറ്റി എടുത്തത്. അതിനുശേഷം അവള്‍ ഇങ്ങനെ ചിത്രശലഭം പോലെ ഫ്രീയായി സന്തോഷത്തോടെ പറന്നു നടക്കാൻ തുടങ്ങി. ഇപ്പോഴും പുറത്തുള്ള ആരോടും അത്ര അധികം അവള്‍ അടുക്കില്ല. നമ്മളും നമ്മുടെ കുടുംബവും പിന്നേ ആ ഹോട്ടല്‍ ഫേമിലിയും ആണ് അല്ലിക്ക് പേടി ഇല്ലാത്തത്.”