“വാ കുറച്ച് സാധനങ്ങൾ മേടിക്കണം.” ചേട്ടൻ എന്നെ വിളിച്ചു. “പിന്നേ സൂപ്പർ മാർക്കറ്റിന് പുറകില്‍ ടോയ്‌ലെറ്റ് ഉണ്ട്. നിനക്ക് വേണമെങ്കി യൂസ് ചെയ്തൊ.”
“എന്ന ചേട്ടൻ സൂപ്പർ മാർക്കറ്റിൽ കേറിക്കോ, ഞാൻ പോയിട്ട് വേഗം വരാം.” ചേട്ടനോട് പറഞ്ഞിട്ട് ഞാൻ പുറകുവശത്തേക്ക് പോയി.
തിരികെ വന്ന് സൂപ്പർ മാര്‍ക്കറ്റിൽ കേറിയതും കൗണ്ടറിൽ നില്‍ക്കുന്ന സ്ത്രീയും പുരുഷനും എന്നോട് പുഞ്ചിരിച്ചു. ഭാര്യയും ഭര്‍ത്താവും ആണെന്ന് തോന്നി.
“ഡാലിയ അല്ലേ, ദാ ആ ഭാഗത്തേക്ക് നിന്നെ പറഞ്ഞു വിടാനാ റൂബിന്‍ പറഞ്ഞത്.” ആ സ്ത്രീ ഒരു സെക്ഷനിലേക്ക് കൈ ചൂണ്ടി.”
ഈ സ്ത്രീക്ക് ചേട്ടനെ എങ്ങനെ അറിയാമെന്ന് ആശ്ചര്യം തോന്നി. ചിലപ്പോ നാട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴും എല്ലാം ഇവിടെ നിന്നായിരിക്കണം ചേട്ടൻ എന്തെങ്കിലുമൊക്കെ മേടിക്കുന്നത്. ഞാൻ ഊഹിച്ചു.
ആ സ്ത്രീ കാണിച്ചു തന്ന ഭാഗത്തേക്ക് ഞാൻ പോയി. അവിടെ ജോലിക്ക് നില്‍ക്കുന്ന പയ്യനോട് ചേട്ടൻ നാലു കേസ് ബിസ്ലറി വെള്ളം കൗണ്ടറിൽ എത്തിക്കാൻ ആവശ്യപ്പെടുന്നത് കേട്ടു. എന്നിട്ട് എന്നെ നോക്കി.
“ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതല്ലേ ഞാൻ കുറച്ച് സ്നാക്സും ജൂസും വെള്ളവും എടുത്തിട്ടുണ്ട്. വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ നി എടുത്തേക്ക്.” ചേട്ടൻ എന്നോട് പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഒരുമിച്ച് നടന്ന് ഞങ്ങൾക്ക് വേണ്ടതൊക്കെ എടുത്തു കൊണ്ട് കൗണ്ടറിൽ വന്നു. അവരോട് ക്യാഷ്വലായി സംസാരിച്ചു കൊണ്ട് ചേട്ടൻ ബില്ല് പേ ചെയ്യുന്ന സമയം ആ പയ്യന്‍ എല്ലാ സാധനങ്ങളും എടുത്ത് ഞങ്ങടെ വണ്ടിയില്‍ കൊണ്ടു വച്ചു.