ഒടുവില്‍ ആറര ആയപ്പോ ചേട്ടൻ ഫോണിൽ സംസാരിച്ചു കൊണ്ട് പ്രാക്ടീസ് റൂമിൽ കേറി വന്നു. മ്യൂസിക് കേട്ടിട്ടാവും ചേട്ടൻ നേരെ ഇങ്ങോട്ട് വന്നത്. ചേട്ടന്റെ സംസാരം കേട്ടിട്ട് ചേട്ടന്റെ വല്യുമ്മയാണ് ഫോണിലെന്ന് മനസ്സിലായി.
ചേട്ടനെ കണ്ടതും എന്റെ ഹൃദയം തുള്ളിച്ചാടി. ഉള്ളില്‍ സന്തോഷം നിറഞ്ഞു. ഞാനും അല്ലിയും ചേട്ടന് പുഞ്ചിരി കൊടുത്തിട്ട് ഡാൻസ് നിര്‍ത്താതെ തുടർന്നു. ചേട്ടൻ കോൾ കട്ട് ചെയ്തിട്ട് അല്ലി പ്രാക്ടീസ് ചെയ്യുന്നതും നോക്കി പുഞ്ചിരിയോടെ നിന്നു.
അല്ലി പഠിച്ച സ്റ്റെപ്പ്സ് ഒക്കെ വച്ച് അവള്‍ ചേട്ടന് ഡാൻസ് ചെയ്തു കാണിച്ചു കൊടുത്തു. അതുകഴിഞ്ഞ് ഞാനും അല്ലിയും ഒരുമിച്ച് ചെറിയ ഡാൻസ് ചെയ്തു. ഒടുവില്‍ ഏഴെട്ട് മിനിറ്റ് കഴിഞ്ഞ് ഞങ്ങൾ ഡാൻസ് നിര്‍ത്തി.
“അപ്പോ അക്കാ, നാളൈക്ക് ഉങ്ക ഇന്റര്‍വ്യൂ കഴിഞ്ഞ് നാൻ വരാം.” അല്ലി എന്നോട് പറഞ്ഞിട്ട് ചേട്ടനെ സ്നേഹപൂര്‍വം നോക്കി. സ്വന്തം അച്ഛനെ കാണുന്നത് പോലെയാ അവൾ ചേട്ടനെ നോക്കിയത്, സ്വന്തം സഹോദരനെ കാണുന്ന പോലെയാ അവൾ ചേട്ടനെ നോക്കിയത്.
“നാൻ പോകട്ടുമാ അണ്ണാ. അരുള്‍ അണ്ണാ വര നേരമാച്ച്.” അവളുടെ വാക്കില്‍ പോലും ഉണ്ടായിരുന്ന സ്നേഹം കേട്ട് ഞാൻ പുഞ്ചിരിച്ചു.
“പോയിട്ട് വാമാ.” ചേട്ടനും സ്നേഹത്തോടെ പറഞ്ഞു. “പിന്നെ, നിന്റെ ഡാൻസ് നന്നായിരുന്നു.” ചേട്ടൻ അഭിനന്ദിച്ചതും അല്ലിയുടെ മുഖം പ്രകാശിച്ചു.
“തേങ്സ് അണ്ണാ.” ഓടിച്ചെന്ന് ചേട്ടന്റെ കഴുത്തിൽ തൂങ്ങി എത്തി നിന്ന് ചേട്ടന്റെ കവിളിൽ ഉമ്മ കൊടുത്തിട്ട് അവള്‍ ചിരിച്ചുകൊണ്ട് പുറത്തേക്കോടി.