ദൈവം പറഞ്ഞു വിട്ട പോരാളി മാലാഖയെ പോലെയാണ് ചേട്ടൻ വന്ന് അവരെ രക്ഷിച്ചതെന്ന് അല്ലി പറഞ്ഞപ്പോ എനിക്ക് അഭിമാനം തോന്നി. ആ ഗുണ്ടകളോട് ചേട്ടൻ പറഞ്ഞ ഓരോ വാക്കും, ഭീഷണിയും, താക്കീതും, അവര്‍ക്ക് രക്ഷപ്പെടാൻ കൊടുത്ത അവസരവും, ഗുണ്ടകളുടെ അഹങ്കാരവും മറ്റും.. പിന്നെ നടന്ന ഫൈറ്റും എല്ലാം വള്ളി പുള്ളി തെറ്റാതെ അല്ലി എന്നോട് വിവരിച്ചാണ് പറഞ്ഞത്.
ശെരിക്കും അതൊരു ഫൈറ്റ് അല്ല, ദേഷ്യം കേറിയ കുട്ടി കളിപ്പാട്ടത്തെ നിസ്സാരമായി പിച്ചിച്ചീന്തും പോലെ ചേട്ടൻ ആ മൂന്ന് ഗുണ്ടകളേയും പിച്ചിച്ചീന്തി എന്ന് അല്ലി പറഞ്ഞപ്പോ ഞാൻ ശെരിക്കും വിറച്ചു പോയി.
ഒടുവില്‍ ഞങ്ങൾ വേറേ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. നാട്ടില്‍ ഉള്ള ഞങ്ങൾ എല്ലാവരെയും കുറിച്ച് അല്ലിക്ക് നല്ലതുപോലെ അറിയാമെങ്കിലും അവൾ ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ചു കൊണ്ടിരുന്നു.
അതെല്ലാം കഴിഞ്ഞ്, അവസാനം, ഞാനും ചേട്ടനും ഡെയ്സിയും ജനിച്ചത് തൊട്ട് വളര്‍ന്നു വന്നതും, ചേട്ടനും ഡെയ്സിയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും, പിന്നെ ഞാനും ചേട്ടനും തമ്മില്‍ എങ്ങനെയാണെന്നും, എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ പറയാൻ വാശി പിടിച്ചതും… എനിക്ക് ചേട്ടനോടുള്ള ഇഷ്ട്ടം ഒഴികെ എല്ലാം വിശദമായി ഞാൻ അവളോട് പറഞ്ഞു.
“ഉൺമയ സൊല്ലുങ്ക അക്കാ, നീങ്ക അണ്ണാവ ഡീപ്പാ ലവ് പൺറീങ്ക താന..?” പെട്ടന്ന് അല്ലി ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി. ഇവൾക്ക് എങ്ങനെ മനസ്സിലായി.
ഒന്നും മിണ്ടാതെ അവളെ തന്നെ ഞാൻ നോക്കി.
“പൊയ് സൊല്ല കൂടാത്. അണ്ണാവ ഡീപ്പാ ലവ് പൻറീങ്ക താന?” അവള്‍ പുഞ്ചിരിയോടെ പിന്നെയും ചോദിച്ചു.