ഡാലിയ നടുറോട്ടിൽ സ്ക്കൂട്ടി നിര്‍ത്തി ഓടിയത് ഞാൻ പറഞ്ഞ ആ സമയം തൊട്ടേ അല്ലി പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു. കൂടെ ഡാലിയയും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.
“കടവുളേ…. ഡാലിയ അക്കാ…!!! പാവം റൂബി അണ്ണാ.” ഒടുവില്‍ എങ്ങനെയോ ചിരി നിര്‍ത്തി അല്ലി ഡാലിയയെ നോക്കി. പക്ഷെ ഡാലിയയെ കണ്ടതും അല്ലിക്ക് പിന്നെയും ചിരി പൊട്ടി. പിടിച്ചു നിര്‍ത്താന്‍ കഴിയാതെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങിയതും ഞാനും കൂടെ ചിരിച്ചു.
ഡാലിയ മുഖം വീർപ്പിച്ചു. പക്ഷേ പെട്ടന്ന് അവളും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു ചിരിച്ചു.
“അന്ത സംഭവത്തുക്ക് അപ്പറം നീങ്ക അക്കാ കൂട സ്ക്കൂട്ടീല പോനതില്ലയാ?” ചിരി നിര്‍ത്തി അല്ലി ചോദിച്ചു.
“അതിനു ശേഷവും ഞാൻ പോയിട്ടുണ്ട്. പക്ഷേ എതിർ വശത്ത് നിന്ന് എപ്പോഴൊക്കെ വണ്ടി വരുന്നത് കണ്ടാലും ഞാൻ ബാക്കിൽ നിന്ന് ഇവളെയും കെട്ടിപിടിച്ചിരിക്കും. അപ്പോ ഇവൾക്ക് ഇറങ്ങി ഓടാൻ കഴിയില്ലല്ലോ.” ഞാൻ പറഞ്ഞു തീര്‍ന്നതും അല്ലിയും ഡാലിയയും വയറും പിടിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു.
“ശെരി കഥയൊക്കെ മതിയാക്കി നമുക്ക് കഴിക്കാൻ പോകാം.” കുറെ കഴിഞ്ഞ് ഞങ്ങളുടെ ചിരി നിന്നതും ഞാൻ പറഞ്ഞു.
“ചേട്ടന് ഞാൻ വച്ചിട്ടുണ്ട്…” ഡാലിയ ചിരിച്ചുകൊണ്ട് എന്റെ ചന്തിക്കിട്ട് നുള്ളി. എന്നിട്ട് ചെന്ന് സ്ക്കൂട്ടിയിൽ കേറി ഇരുന്നിട്ട് അല്ലിയേ നോക്കി. “വാ, വന്നു കേറ്. ഞാൻ ഓടിക്കാം.”
അതുകേട്ടതും ഭൂതത്തെ കണ്ടത് പോലെ അല്ലി പകച്ചു നിന്നു.
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് എന്റെ വണ്ടിയില്‍ കേറി.