“അപ്പറം എന്നാച്ച്?” അല്ലി ആകാംഷയോടെ ചോദിച്ചു.
“ഡാലിയ സ്ക്കൂട്ടി എടുത്തു. എന്റെ കഷ്ടകാലത്തിന് ഞാനും കേറി ഇവൾക്ക് പിന്നില്‍ ഇരുന്നു.”
“ദെ ചേട്ടാ… ഞാൻ ചേട്ടനെ കൊല്ലും.” ചിരിച്ചു കൊണ്ട് ഡാലിയ എന്നെ ഭീഷണിപ്പെടുത്തി. അപ്പോ അല്ലിയും ചിരിച്ചു.
“വീട്ടില്‍ നിന്ന് ഇവള്‍ അടിപൊളിയായി സ്ക്കൂട്ടി ഓടിച്ച് പുറത്തേക്ക് വന്നു. പെണ്ണ് അടിപൊളിയായി ഓടിക്കുന്നുണ്ടല്ലോന്ന് ഞാനും ആശ്വസിച്ചു. ഇവള്‍ ഓടിച്ച് റോഡിലുമെത്തി. അല്‍പ്പം മുന്നോട്ട് പോയി അവിടെയുള്ള ചെറിയ പലതിലും കേറി. അപ്പോ എതിർ വശത്ത് നിന്നും ഒരു ലോറി വരുന്നത് കണ്ട് ഇവള്‍ പേടിച്ചുപോയി. ഇവള്‍ നടുറോട്ടിൽ, അതും ലോറിക്ക് തൊട്ടു മുന്നില്‍, വെപ്രാളം പിടിച്ച് സഡൻ ബ്രേക്ക് പിടിച്ചു സ്ക്കൂട്ടി നിർത്തി… എന്നിട്ട് ഇവൾ സ്ക്കൂട്ടിയിൽ നിന്നും ചാടി ഇറങ്ങി ഓടി ചെന്ന് റോഡിന്റെ സൈഡിൽ ഒതുങ്ങി പാലവും പിടിച്ചുകൊണ്ട് നിന്നു. എല്ലാം പെട്ടന്നാ സംഭവിച്ചത്… അതുകൊണ്ട് ഇതൊന്നും പ്രതീക്ഷിക്കാത്ത ഞാൻ നിലത്ത് കാല്‍ കുത്തി നിർത്താൻ ശ്രമിക്കും മുന്നേ സ്ക്കൂട്ടി ചെരിഞ്ഞു വീണു.. കൂടെ ഞാനും വീണു. ലോറിക്കാരൻ വേഗം ചവിട്ടി നിർത്തിയത് കൊണ്ട് ലോറി എന്റെ മേല്‍ കേറിയില്ല. സത്യത്തിൽ ലോറിക്കാരൻ ഇവളെ തെറി വിളിക്കും എന്നാ കരുതിയത്. പക്ഷേ അയാളും, റോഡില്‍ ഇതൊക്കെ കണ്ടു നിന്നവരും പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ വന്നു സഹായിച്ചു. ഒന്നും സംഭവിക്കാത്ത പോലെ എന്നെ സഹായിക്കാൻ ആ കൂട്ടത്തില്‍ നമ്മുടെ ഈ കള്ളിയും ഉണ്ടായിരുന്നു.” ഞാൻ പറഞ്ഞു നിർത്തി.