“അണ്ണാ, എതുക്ക് സിരിക്കറീങ്ക..?” അല്ലി ചോദിച്ചു.
“ദാ, നിന്റെ വണ്ടി ഓടിക്കുന്ന അവളുടെ ഒരു കാര്യം ഓര്‍ത്താ ചിരിച്ചത്.” പറഞ്ഞിട്ട് ഞാൻ പിന്നെയും ചിരിച്ചു.
“ദെ ചേട്ടാ, അക്കാര്യം അല്ലിയോട് പറഞ്ഞാൽ ഞാൻ പിണങ്ങും.” ഡാലിയ ചുണ്ടു കോട്ടി.
“സൊല്ലുങ്ക അണ്ണാ…” അല്ലി ഓടി വന്ന് എന്റെ മുന്നില്‍ നിന്നിട്ട് ആ കഥ പറയാൻ വാശിപിടിച്ചു.
“ചേട്ടാ വേണ്ട…!!” ഞാൻ പറയാൻ തുടങ്ങിയതും ഡാലിയ വണ്ടിയില്‍ നിന്നിറങ്ങി ഓടി വന്ന് എന്റെ വായ് പൊത്തി പിടിച്ചു.
പക്ഷേ ചിരിച്ചു കൊണ്ട് ഞാൻ അവളുടെ കൈ എന്റെ വായിൽ നിന്നും പിടിച്ചു മാറ്റി. അവള്‍ എന്റെ പുറകില്‍ വന്ന് ഒരു കൈ എന്റെ കഴുത്തിൽ ചുറ്റി മുറുകെ പിടിച്ചു. അടുത്ത കൈ കൊണ്ട് എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ എന്റെ വായും പൊത്തി പിടിക്കാന്‍ അവള്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ അവളുടെ കൈ മാറ്റി പിടിച്ചുകൊണ്ട് ഞാൻ ആ കഥ പറഞ്ഞു.
“പണ്ട് അവരുടേ വീട്ട് മുറ്റത്ത് വെച്ച് ഡാലിയക്ക് ഞാൻ ഓടിച്ച് പഠിപ്പിച്ച് കൊടുത്തു. അവൾ കഷ്ടിച്ച് ഓടിക്കാന്‍ തുടങ്ങിയിരുന്നു — പക്ഷേ പെട്ടന്ന് ഇവൾക്കൊരു വാശി…. ഇവര്‍ക്ക് നല്ലോണം ഓടിക്കാന്‍ അറിയാം എന്നും.. ഇനി ഇവൾക്ക് റോഡില്‍ ഓടിക്കണം എന്നുമായിരുന്നു വാശിയും നിര്‍ബന്ധവും. ഞാൻ എത്ര പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഈ കള്ളി കേട്ടില്ല. ഒടുവില്‍ നിവൃത്തി ഇല്ലാതെ സമ്മതിക്കേണ്ടി വന്നു.”
ഞാൻ ആ കഥ പറയുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടതും ഡാലിയ ചിരിച്ചു കൊണ്ട് അല്ലിക്കടുത്തു പോയി നിന്നു.