“ശെരി, ഞാൻ വേഗം റെഡിയായി വരാം. ഇനി ഞങ്ങൾ കാരണം ചേട്ടന്റെ ജോലി ഒന്നും മുടങ്ങണ്ട.” അവളെ പുതിയ സ്ഥലത്ത് കൊണ്ടു വിട്ടിട്ട് ഞാൻ ഉടനെ എങ്ങോട്ടോ പോകുന്ന എന്ന കുറ്റപ്പെടുത്തൽ ഡാലിയയുടെ ധ്വനിയിൽ ഉണ്ടായിരുന്നു. കൂടാതെ രാത്രി അവള്‍ക്ക് പേടിച്ചു കിടക്കേണ്ടി വന്നതിന്റെ ദേഷ്യവും ഇതുവരെ മാറിയിട്ടില്ല.
അവളുടെ ചുണ്ട് കൊട്ടി, മുഷ്ടി ചുരുട്ടി പിടിച്ച്, മുഖവും വീർപ്പിച്ചുള്ള നില്‍പ്പും വാശിയും കണ്ടിട്ട്.. എന്നെയും അറിയാതെ എന്റെ ഉള്ളില്‍ എവിടെയോ അവളോട് കൂടുതലായി സ്നേഹം വര്‍ധിക്കുന്നത് ഞാൻ അറിഞ്ഞു. പക്ഷേ വേഗം ഞാൻ ആ ചിന്ത മാറ്റി.
ഞാൻ ഒന്നും മിണ്ടാതെ വേഗം എന്റെ റൂമിൽ ചെന്ന് ബാത്റൂമിൽ കേറി. വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു. വാട്ടർ ഹീറ്റ്ർ ഉണ്ടെങ്കിലും ഞാൻ അതിനെ ഓണാക്കിയില്ല. ഷവറിന് താഴെ നല്ല തണുത്ത വെള്ളത്തില്‍ വിറച്ചു കൊണ്ടാണ് കുളിച്ചത്. ചുട്ടു പൊള്ളുന്ന എന്റെ ശരീരത്തിന് അത് ആവശ്യമായിരുന്നു.
കുളി കഴിഞ്ഞ് ജീൻസ് പാന്റും ഫുൾ കൈ ഷർട്ടിൽ കൈയും മടക്കി വച്ച് ഞാൻ പുറത്തു ഹാളില്‍ ചെന്നപ്പോ അവർ രണ്ടുപേരുടെ സംസാരവും ചിരിയും മുറ്റത്ത് നിന്ന് വരുന്നത് കേട്ടു.
പുറത്ത് ഡാലിയ അല്ലിയുടെ സ്ക്കൂട്ടി മെല്ലെ വട്ടത്തില്‍ ഓടിക്കുന്നത് കണ്ടപ്പോ ഞാൻ അതും നോക്കി പുഞ്ചിരിയോടെ നിന്നു. പണ്ട് ഡെയ്സിക്കും ഡാലിയക്കും സ്ക്കൂട്ടി ഓടിച്ചു പഠിപ്പിച്ച കാര്യം ഓര്‍ത്തതും എന്നെയും അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചു പോയി.
ഉടനെ ഡാലിയ സ്ക്കൂട്ടി നിര്‍ത്തി എന്നെ നോക്കി. അല്ലി കൗതുകത്തോടെ എന്നെ നോക്കി.