അല്ലി വളരെ പെട്ടന്ന് തന്നെ ഡെയ്സിയെ സ്വന്തം ചേച്ചിയായി കാണാന്‍ തുടങ്ങിയിരുന്നു. അല്ലി മാത്രമല്ല, അരുളും ഡെയ്സിയെ സ്വന്തം ചേച്ചിയായിട്ടാണ് മനസ്സിലേറ്റിയത്, എന്നെ സ്വന്തം ചേട്ടനായും. ഒരു മാസം കഴിഞ്ഞാണ് അവർ രണ്ടുപേരെയും അങ്ങ് നാട്ടില്‍ ഉള്ളവർക്ക് പരിചയപ്പെടുത്തിയത്. എല്ലാവർക്കും ഇവർ രണ്ടു പേരെയും വളരെ ഇഷ്ട്ടമായി.
“ഡാലിയ അക്കാ…” അല്ലി ഡാലിയയെ വിട്ടിട്ട് അല്‍പ്പം പിന്നോട്ട് മാറി നിന്ന് അവളെ സന്തോഷത്തോടെ നോക്കി. “ഫോൺല ഉങ്കള പാക്ക ഡെയ്സി അക്കാ പോലവേ ഇരുന്തീങ്ക, ആനാ നേർല പാക്കുമ്പോത് കൊഞ്ചം വിത്യാസമാ ഇറുക്കീങ്ക.” അല്ലി പറഞ്ഞു. (ഫോണിൽ നോക്കാൻ ഡെയ്സിയേ പോലെയും, നേരിട്ട് കാണാന്‍ വ്യത്യാസം ഉണ്ടെന്നുമാണ് അല്ലി പറഞ്ഞത്.)
“നിന്നേയും ഫോണിൽ കണ്ടത് പോലെയല്ലല്ലോ, അല്ലി. നേരില്‍ കാണാന്‍ നി കൂടുതൽ സുന്ദരിയാ.” ഡാലിയ ചിരിച്ചു കൊണ്ട് ഡെയ്സി എപ്പോഴും ചെയ്യാറുള്ളത് പോലെ അല്ലിയുടെ ചെവി മൂടി കിടന്ന മുടി ഒതുക്കി ചെവിക്ക് പിന്നിലാക്കി കൊടുത്തു. അതും ഡെയ്സി ചെയ്യാറുള്ള അതേ ശൈലിയില്‍.
അത് കണ്ട് ഞാൻ ശെരിക്കും ഷോക്കായി. അല്ലിയും അരുളും പോലും അന്തിച്ച് എന്നെ നോക്കി. കാര്യം അറിയാതെ ഡാലിയ എന്നെയും അവരെയും മാറിമാറി നോക്കി.
“എന്താ..?” ഡാലിയ എന്നോട് ചോദിച്ചു.
ഒന്നുമില്ലെന്ന് ഞാൻ തലയാട്ടി.
“ഇന്ന് വെള്ളിയാഴ്ച, നിനക്ക് ക്ലാസ് ഉള്ളതല്ലേ, എട്ടു മണിക്ക് നിനക്ക് കോളേജില്‍ പോകേണ്ടതല്ലേ?.” ഡാലിയ അല്ലിയോട് ചോദിച്ചു.
“ക്ലാസ് ഇരുക്ക്, ആനാ നീങ്ക വന്നത് കൊണ്ട് ഇന്നൈക്ക് നാൻ പോകുന്നില്ല. ശനിയും ഞായറും ക്ലാസ് ഇല്ല. ഇനി തിങ്കള്‍ കിഴമ താന്‍ നാൻ കോളേജുക്ക് പോവേൻ.” അല്ലി തമിഴും മലയാളവും കലര്‍ത്തി സംസാരിച്ചു. അവൾ അങ്ങനെ സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്.