“എത്ര നല്ല ചുറ്റുപാട്… എത്ര നല്ല വീട്….. ഇതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷേ നമ്മുടെ കോമ്പൗണ്ടിനകത് മരങ്ങള്‍ ഞെരുങ്ങി വളര്‍ന്ന് കാട് പോലെ തോന്നിക്കുന്നത് കൊണ്ട് ഒരു വല്ലാത്ത പേടി.” അത്രയും പറഞ്ഞിട്ട് ഡാലിയ എന്റെ കണ്ണില്‍ പേടിയോടെ നോക്കി.
“ഇത്ര വളര്‍ന്നിട്ടും നിന്റെ ആ പേടി മാത്രം മാറിയില്ലലോ!!” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
എന്തോ പറയാനായി അവൾ വായ് തുറന്നെങ്കിലും പെട്ടന്ന് വേണ്ടെന്ന് വച്ച പോലെ അവൾ വായ് അടച്ചു.
അന്നേരം പുറത്ത് ഒരു കാറും സ്കൂട്ടിയും വന്നു നിന്ന ശബ്ദം കേട്ടു. തൊട്ടു പിന്നാലെ വിളിച്ചു കൂവുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദവും.
“റൂബി അണ്ണാ…..” വിളിച്ചു കൂവി കൊണ്ട് അല്ലി അകത്തേക്ക് ഓടി വന്നു.
ദിവസങ്ങളോളം പ്രിയപ്പെട്ട പിതാവിനെ കാണാതിരുന്ന കുഞ്ഞ് അതിന്റെ അച്ഛനെ കണ്ടതും എത്തി ചാടി വീഴും പോലെയാണ് അല്ലി എന്റെ മേല്‍ ചാടി വീണ് എന്റെ കഴുത്തിനെ കെട്ടിപിടിച്ച് നിലത്ത് തൊടാതെ നിന്നത്. ഞാനും ചിരിച്ചുകൊണ്ട് എന്റെ ആ അനിയത്തിയെ സ്നേഹത്തോടെ വട്ടം ചുറ്റി എന്നോട് ചേര്‍ത്തു പിടിച്ചു.
ഡാലിയ കൗതുകത്തോടെയാണ് അതൊക്കെ നോക്കി നിന്നത്. കണ്ണില്‍ ചെറിയ അസൂയ മിന്നിമറഞ്ഞോ?
എന്റെ കാല്‍ മുട്ടകള്‍ മടക്കി അവളെ ഞാൻ നിലത്ത് നിര്‍ത്തിയതും അല്ലി എന്നെ വിട്ടിട്ട് കൂവി ചിരിച്ചു കൊണ്ട് ഡാലിയയ്ക്ക് നേരെ ഓടി.
“ഡാലിയ അക്കാ…” വിളിച്ചു കൂവി കൊണ്ട് അല്ലി ഓടിച്ചെന്ന് ഡാലിയയെ കെട്ടിപ്പിടിച്ചു. ഒരു സെക്കന്‍ഡ് ഡാലിയ അന്തിച്ചു നിന്നെങ്കിലും അവളും അല്ലിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ചിരിച്ചു.