അന്നേരം കൊണ്ട് വണ്ടിയില്‍ നിന്നും അവളുടെ ട്രാവല്‍ ബാഗും മറ്റു സാധനങ്ങളും ഞാൻ അകത്തേക്ക് എടുത്തു കൊണ്ടു വന്നു. അവളുടെ ബാഗ് ഞാൻ ഒരു ബെഡ്റൂമിൽ കൊണ്ടു വച്ചു. അന്നേരം ഡാലിയ റൂമിൽ കേറി വന്നു.
“ഇതാണോ എന്റെ റൂം?” അവള്‍ നടന്നു ചെന്ന് വിൻഡോ സ്ക്രീന്‍ വലിച്ചു നീക്കി വിന്‍ഡോ പേനിലൂടെ പുറത്തേക്ക് നോക്കി.
അതിലൂടെ നോക്കിയാൽ കോട്ടേജിന് പുറകുവശത്തെ ദൃശ്യങ്ങള്‍ ഒക്കെയും കാണാം.
കോമ്പൗണ്ടിന് അകത്തും പുറത്തും എല്ലാം യൂക്കാലിപ്റ്റസ് മരങ്ങളും നിറഞ്ഞു നില്‍ക്കുന്നത് കണ്ട് അവൾ സന്തോഷത്തോടെ ചിരിച്ചു. പിന്നെ കോമ്പൗണ്ടിന് പുറത്ത് കാണുന്ന കാപ്പി തോട്ടവും, അല്‍പ്പം ദൂരെ കാണുന്ന ചെറിയച്ചെറിയ പച്ചനിറത്തിലുള്ള കുന്നുകളും, ഷേപ്പായി വെട്ടി വച്ചത് പോലത്തെ ഭീമന്‍ അടുക്ക് പടികള്‍ പോലത്തെ തിട്ടകളും.. അതിൽ സ്ഥിതി ചെയ്യുന്ന ചെറിയച്ചെറിയ വീടുകളും എല്ലാം കണ്ട് ഡാലിയ കുഞ്ഞ് കുട്ടികളെ പോലെ സന്തോഷത്തില്‍ കൂവി ചിരിച്ചു. എന്നിട്ട് ഭയങ്കര ഉത്സാഹത്തോടെ എന്റെ അടുത്തേക്ക് ഓടി വന്നു നിന്നിട്ട് ശ്വാസം ആഞ്ഞ് വലിച്ചു.
“യൂക്കാലിപ്റ്റസിന്റെ നല്ല മണം. നല്ല വ്യൂസ് പോയിന്റ്. നല്ല ചുറ്റുപാട്. ഈ സ്ഥലത്തിന്റെ പേരെന്താ?”
“കുന്നൂർ..”
“ഡെയ്സി ഈ പേര് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.” ഡാലിയ പറഞ്ഞു. എന്നിട്ട് പെട്ടന്ന് ഓര്‍ത്ത പോലെ ഡാലിയ ആശങ്കയോടെ എന്റെ കണ്ണില്‍ നോക്കി.
ഡെയ്സിയെ കുറിച്ച് പറയുമ്പോ എന്റെ ഉള്ളില്‍ വേദന ഉണ്ടാവുമെന്ന് അവള്‍ക്കറിയാം. പക്ഷേ കണ്ണ് ചിമ്മി ഞാൻ പുഞ്ചിരിച്ചതും അവളുടെ ഉത്സാഹം പിന്നെയും മുഖത്ത് പ്രത്യക്ഷപ്പെട്ടു.