ഒടുവില്‍ ഏഴരയ്ക്ക് നീലഗിരിയിലുള്ള എന്റെ വലിയ കോട്ടേജ് ഗേറ്റിന് മുന്നില്‍ കൊണ്ട് വണ്ടി നിര്‍ത്തി. ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്ന് ഇട്ടിട്ട് വീണ്ടും വണ്ടിയില്‍ കേറി. വണ്ടി അകത്ത് കൊണ്ട് നിര്‍ത്തിയതും ഡാലിയ ഉറക്കം മുറിഞ്ഞ് എഴുനേറ്റു. അവൾ സീറ്റ് നേരെയാക്കിയിട്ട് കോട്ടേജിനെ വിടര്‍ന്ന കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.
“ഇത് വലിയ കോട്ടേജ് ആണല്ലോ ചേട്ടാ…! കാണാന്‍ പഴയ കാല ലൂക്കും എടുപ്പും ഉണ്ട്… നല്ല ഭംഗിയും.” അതേ വിടര്‍ന്ന കണ്ണുകളോടെ ഡാലിയ എന്നെയും നോക്കി. ഉത്സാഹവും സന്തോഷവും ഒക്കെ മുഖത്ത് കാണാന്‍ കഴിഞ്ഞു. “ഇവിടെ എത്ര മുറികള്‍ ഉണ്ട്..?”
അവൾട ഉത്സാഹവും സന്തോഷവും കണ്ടിട്ട് എന്റെ ഉള്ളിന്റെ ഉള്ളില്‍ കൂടുതൽ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ തോന്നി.
“ഇവിടെ മൂന്ന് ബെഡ്റൂമുകളുണ്ട്, അതിനൊക്കെ അറ്റാച്ഡ് ബാത്റൂം സൌകര്യങ്ങളും ഉണ്ട്. പിന്നെ ഒരു ഹാൾ, ഒരു കുഞ്ഞ് പ്രാക്ടീസ് ഹാൾ, ഒരു ഹോം തിയേറ്റര്‍ റൂം, വലിയ കിച്ചൻ. ഇത്രയുമാണ് ഇവിടത്തെ സൌകര്യങ്ങള്‍.”
അതും പറഞ്ഞ് ഞാൻ വണ്ടി ഓഫാക്കി. വണ്ടിയില്‍ തന്നെ വച്ചിരുന്ന എന്റെ കോട്ടേജ് കീയും എടുത്തുകൊണ്ട് ഞാൻ ഇറങ്ങി. ഡാലിയയും ഉത്സാഹത്തോടെ ഇറങ്ങി വന്നു. ചെറിയ തണുപ്പുള്ളത് കൊണ്ട് അവൾ വിറച്ചു കൊണ്ട് കൈകൾ വേഗത്തിൽ തിരുമ്മി. പക്ഷേ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു നിന്നു.
ഞാൻ വാതില്‍ തുറന്ന് പിടിച്ചുകൊണ്ട് അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് വീട്ടില്‍ ഓടി കേറി. വീടാകെ ചിത്രശലഭം പോലെ പറന്നു നടന്ന് എല്ലാം സന്തോഷത്തോടെ അവള്‍ കണ്ടു.