എന്റെ പറച്ചില്‍ കേട്ട് ചേട്ടന്റെ പുഞ്ചിരി മാഞ്ഞുപോയി. മുഖത്ത് നല്ല സങ്കടവും കുറ്റബോധവും ഉണ്ടായി. അതുകണ്ട് എനിക്കും വിഷമം തോന്നി. പക്ഷെ ദേഷ്യം എനിക്ക് മാറിയില്ല.
“അവിടെ ചെന്നിട്ട് ഒരുപാട് ജോലി തീർക്കാൻ ഉണ്ടെന്നല്ലേ പറഞ്ഞത്… ഇനി ഞാൻ കാരണം അതൊക്കെ മുടങ്ങണ്ട.” ഞാൻ നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു.
ഈയിടെയായി തൊട്ടതിനും പിടിച്ചതിനും എല്ലാം ഞാൻ ചേട്ടനോട് ദേഷ്യപ്പെടുകയാണെന്ന് അറിയാം. എല്ലാം ആ മിനി കാരണമാണ്. അവള്‍ ചേട്ടനെ നോട്ടമിട്ട് വശീകരിക്കാൻ തുടങ്ങിയ നിമിഷം തുടങ്ങിയതാണ് എന്റെ പേടി…. ആ ഭയത്തില്‍ നിന്നും തുടങ്ങിയതാണ് എന്റെ ഈ ദേഷ്യം. അവളോടുള്ള ദേഷ്യം ഞാൻ അറിയാതെ ചേട്ടനോട് കാണിച്ച് പോകുന്നു.
“ശെരി വാ, നിന്റെ ദേഷ്യം കൂടിക്കൂടി നി എന്നെ കടിച്ചു തിന്നും മുമ്പ് നമുക്ക് പോയേക്കാം. അവിടെ ചെന്ന് നല്ലോണം നി റസ്റ്റ് എടുത്താൽ മതി. നിന്റെ ദേഷ്യവും ടെൻഷനും ഒക്കെ മാറും.” പറഞ്ഞിട്ട് ചേട്ടൻ പുറത്തേക്ക് നടന്നു. ഞാനും ഉള്ളിലെ ക്ഷോഭം മറച്ചു കൊണ്ട് ചേട്ടന്റെ കൂടെ പോയി.
ചേട്ടൻ നേരെ ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നു പിടിച്ചിട്ട് എന്നെ നോക്കി.
“ഒരു കാര്യം ചെയ്യ്..” പെട്ടന്ന് ചേട്ടന്റെ കണ്ണില്‍ കുസൃതി നിറയുന്നത് കണ്ടപ്പോ ചേട്ടനോട് ഇഷ്ട്ടം കൂടിക്കൂടി വന്നു. ഇപ്പൊ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ ദേഷ്യം ഒക്കെ പെട്ടന്ന് മാറുകയും ചെയ്തു.
“എന്തു കാര്യം ചെയ്യണം?” ഞാൻ സംശയത്തോടെ ചോദിച്ചു.
“ഈ വണ്ടി നി ഓടിക്ക്.” ചേട്ടൻ സിമ്പിളായി പറഞ്ഞതും ഞാൻ ഞെട്ടി നിന്നു.