“ഡീ പെണ്ണേ, ഇത്രയും ദിവസം നാട്ടില്‍ നിന്നത് കൊണ്ട് ബിസിനസ്സിന്റെ ഒരുപാട് കാര്യങ്ങള്‍ മുടങ്ങി കിടക്കുവാ.”
“ഓ… അതൊക്കെ നോക്കാൻ ചേട്ടൻ ഒരുപാട് സ്റ്റാഫ്സിനെ വച്ചിട്ടുണ്ടല്ലോ, അവർ അതൊന്നും നോക്കല്ലേ…?”
“സ്റ്റാഫ്സൊക്കെ ഉണ്ട്. അവരുടെ ഉത്തരവാദിത്വം എന്താണെന്ന് അവര്‍ക്കും അറിയാം. പക്ഷെ ഒരുപാട് കാര്യങ്ങൾ ഞാൻ തന്നെ നേരിട്ട് ചെയ്യണം. ഞാൻ തന്നെ അതൊക്കെ നോക്കണം. ഇല്ലെങ്കില്‍ സ്റ്റാഫ്സിനെ മാത്രം ആശ്രയിച്ച് എനിക്ക് ബിസിനസ്സ് നടത്തേണ്ടി വരും. അങ്ങനത്തെ ബിസിനസ്സ് ഒരിക്കലും വിജയിക്കില്ല.” ചേട്ടൻ പറഞ്ഞു.
പക്ഷേ ഞാൻ ഒന്നും മിണ്ടാതെ അങ്ങനെതന്നെ മുഖവും വീർപ്പിച്ച് നിന്നു…. അപ്പോ ചേട്ടന്റെ ചിരി കൂടുകയാണ് ചെയ്തത്.
“ദേ ചേട്ടാ, ഞാൻ ഭയങ്കര ദേഷ്യത്തിലാ, പറഞ്ഞേക്കാം.”
“ഓഹോ, എന്തിനാ എന്നോട് ദേഷ്യം. ഞാൻ നിന്നെ എന്തു ചെയ്തു?” ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.
“അതുപിന്നെ…. പിന്നെ…. എനിക്ക്—” വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ ഞാൻ ചേട്ടന്റെ കണ്ണില്‍ നോക്കി.
ചേട്ടനോടുള്ള പ്രണയത്തെ തുറന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മനസ്സ് നല്ലോണം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയാത്ത ഭാവം നടിക്കുന്നു എന്ന് കുറ്റപ്പെടുത്താൻ തോന്നി. എന്റെ മനസ്സിന്റെ വേദന എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്ന് ചോദിക്കാന്‍ തോന്നി. എന്റെ കൂടെ ഇരിക്കുമ്പോള്‍ മാത്രം എന്തുകൊണ്ട് ചേട്ടൻ ടെൻഷനാവുന്നു എന്ന് ചോദിക്കാന്‍ തോന്നി.
പക്ഷേ എന്റെ ചോദ്യങ്ങൾ എല്ലാം കേട്ടതു പോലെ പെട്ടന്ന് ചേട്ടന്റെ മുഖം വലിഞ്ഞു മുറുകി സങ്കടം നിറഞ്ഞതും എന്റെ ധൈര്യം ചോര്‍ന്നുപോയി.