ഗേറ്റിന് മുന്നില്‍ ചേട്ടന്‍ വണ്ടി നിര്‍ത്തിയതും ആ ആള്‍ വേഗം ഞങ്ങൾക്കടുത്തേക്കു വന്നു.
“റൂബിന്‍ തമ്പി…” സ്വന്തം അനിയനോടെന്ന പോലെ അയാള്‍ റൂബി ചേട്ടനെ നോക്കി പുഞ്ചിരിച്ചു.
എന്നിട്ട് ഇപ്പുറത്ത് ആരാണെന്ന് അറിയാനായി അയാൾ എത്തി നോക്കി. എന്റെ മുഖം കണ്ട അയാള്‍ പെട്ടന്ന് സ്തംഭിച്ചു നിന്നു. “ഡെയ്… ഡെയ്സി…!!!”
പെട്ടന്ന് ചേട്ടന്റെ മുഖത്ത് ഭയങ്കര വേദന നിറഞ്ഞു. പക്ഷേ വേഗം അതിനെ മറച്ചു പിടിച്ച് ചേട്ടൻ ചിരിച്ചിട്ട് വണ്ടിയില്‍ നിന്നിറങ്ങി. ഞാനും ഇറങ്ങി അപ്പുറത്തേക്ക് ചെന്ന് ചേട്ടന്റെ അടുത്തായി നിന്നു.
“സുബ്രമണി അണ്ണാ, ഇത് ഡെയ്സി ഇല്ല, ഡെയ്സിയോട ട്വിൻ.” ചേട്ടൻ ധൃതിയില്‍ പറഞ്ഞു. “പേര് ഡാലിയ.”
“ഓ…. അപ്പടിയാ….!!” സുബ്രമണി അണ്ണൻ എന്റെ ആത്മാവിനെ നിരീക്ഷിച്ചു പഠിക്കുന്ന പോലെ നോക്കി… എന്റെ ഭൂതവും ഭാവിയും വായിക്കുന്നത് പോലെ.
അയാളുടെ അങ്ങനത്തെ നോട്ടം എന്നെ ശെരിക്കും ഭയപ്പെടുത്തി. ഞാൻ വിറയലോടെ പെട്ടന്ന് ചേട്ടന്റെ ദേഹത്തോട് ചേര്‍ന്നു നിന്നു. എന്നെയും അറിയാതെ ചേട്ടന്റെ കൈ മുട്ടിന് മുകളിലായി ഞാൻ പെട്ടന്ന് കെട്ടിപിടിച്ചു. അപ്പോ അല്‍പ്പം ധൈര്യം കിട്ടി.
അതുകണ്ട് അയാള്‍ പുഞ്ചിരിച്ചു.
“ഡാലിയ, ഇത് സുബ്രമണി അണ്ണൻ. കോയമ്പത്തൂറിൽ ഉള്ള നമ്മുടെ കോട്ടേജുകളുടെ നടത്തിപ്പൊക്കെ ചേട്ടനെയാണ് ഞാൻ ഏല്പിച്ചിരിക്കുന്നത്. ഇദ്ദേഹം നല്ലോരു ജ്യോത്സ്യനുമാണ്.”
“നമ്മുടെ കോട്ടേജ്”എന്ന് ചേട്ടൻ പിന്നെയും എന്നെ ഉള്‍പ്പെടുത്തി പറഞ്ഞപ്പോ ഉള്ളില്‍ സന്തോഷം നിറഞ്ഞു. മറ്റൊന്നും ഉദ്ദേശിച്ചല്ല ചേട്ടാ അങ്ങനെ പറഞ്ഞതെന്നറിയാം. പക്ഷേ എന്നാലും…….