“ആമി… നിങ്ങളിതെവിടെയാ പോയത്..? എത്ര നേരമായി..”
ആമിയപ്പോൾ ഒരു വിരൽ പൊക്കി കാണിച്ച് കൊടുത്തു. ദൃശ്യക്ക് കാര്യം പിടികിട്ടി.
“മ്മ്.. വാ..ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചൊരു ഫോട്ടോ എടുക്കാം. ഇപ്പോഴേ എല്ലാത്തിനേം ബോധത്തോടെ കിട്ടു..”
അതും പറഞ്ഞ് ദൃശ്യ എല്ലാവരെയും ഫോട്ടോ എടുക്കാൻ ക്ഷണിച്ചു. അപ്പോഴാണ് റിതിനെ കാണുന്നത്. കൈവരിയുടെ അറ്റത്തു ഫോണിൽ സംസാരിച്ചു നിൽക്കുകയാണ് പുള്ളി. ദൃശ്യ അവനെയും വലിച്ചു കൊണ്ടു വന്ന് സെൽഫിക്ക് പോസ് ചെയ്യിപ്പിച്ചു. ഒന്ന് രണ്ട് നല്ല ക്ലിക്കുകൾ കിട്ടി. എല്ലാവരും ഉന്മാദം കൊണ്ട് ആർപ്പ് വിളിച്ചു.
“ഇനിയുള്ള നിമിഷങ്ങൾ നമ്മുടെ എൻജോയ്മെന്റിനുള്ളതാണ്. ഇവിടെ തങ്ങാൻ ആഗ്രഹിക്കുന്നവർ എന്നോട് ഇപ്പോഴേ പറയണം. ഡ്രിങ്ക്സ് കഴിക്കുന്നവർ കൺട്രോൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഫുഡ് കഴിക്കാൻ മറക്കരുത്. സോ… ലെറ്റസ് സെലിബ്രേറ്റ്……!” അല്ലേ മാനേജറെ…..?”
പറഞ്ഞു കഴിഞ്ഞ് റിതിന് നേരെ ദൃശ്യയുടെ ചോദ്യം വന്നതും അവൻ രണ്ടു കയ്യും ഉയർത്തി ഒതുങ്ങുന്ന തരത്തിൽ സമ്മതം കൊടുത്തു. ആ ആംഗ്യത്തിൽ എല്ലവരും ചിരിച്ച് ആർപ്പ് വിളിച്ച് അവരവരുടെ പരിപാടികൾ തുടങ്ങി. ആഘോഷങ്ങൾ മുഴങ്ങുന്ന സുലഭ നിമിഷങ്ങൾ. പക്ഷെ ആമിയും ശ്രീയും ഉൾവലിഞ്ഞ് പൂളിന് സൈഡിലുള്ള മരത്തിന്റെ സോഫയിൽ വന്നിരുന്നു. ബഹളങ്ങൾ അവരുടെ വലത്തേ വശത്ത് ഒതുങ്ങി. റിതിന്റെ വരവിൽ ശ്രീയുടെ മനസ്സിൽ എന്താണെന്നാണ് ആമിക്ക് അറിയേണ്ടത്. അത്കൊണ്ട് തന്നെയാണ് ശ്രീയേയും കൂട്ടി ആളുകൾക്കിടയിൽ നിന്ന് ഉൾവലിഞ്ഞത്. പഴയ വല്ല ചിന്തയുമുണ്ടോ അതോ എല്ലാം ഒഴിവാക്കിയോ എന്നവൾക്ക് അറിയണം. എങ്കിലും തന്റെ മനസിലെ ചായ്‌വ് സമ്മതിക്കാനും പാടില്ല. പക്ഷെ സംസാരിക്കാൻ ഒരു തുടക്കം കിട്ടിയില്ല. എന്തെങ്കിലും ചോദിച്ച് പിടിക്കാമെന്ന് അവൾ കരുതി.