റിതിനുമായി അടുപ്പം തുടങ്ങാൻ മനസ്സ് കാണിച്ച ആമിയോടോ അതോ എല്ലാമറിഞ്ഞിട്ടും അവരെ കറങ്ങാനും ലഞ്ചിനു പോകാനും സമ്മതിച്ച എന്നോട് തന്നെയോ…? ഓരോന്നാലോചിച്ച് ശ്രീയവിടെ കുറച്ചു നേരം ഇരുന്നു.
മുറക്ക് നടക്കുന്ന വർക്കുകളോടെ സമയം വൈകുന്നേരത്തിലേക്കും നീങ്ങി. ഓഫീസ് ടൈം കഴിയാനായപ്പോൾ റിതിൻ ആമിയെ വീണ്ടും കേബിനിലേക്ക് വിളിച്ചു. പോകാൻ മനസ്സില്ലെങ്കിലും അവൾക്ക് പോകാതിരിക്കാൻ കഴിയില്ല. ഓഫീസിൽ റിതിൻ സുപ്പീരിയർ ആണെന്നുള്ളതിന്റെ നിസ്സഹായതയിൽ അവളെഴുന്നേറ്റു. കണ്ണുകൾ വീണ്ടും ശ്രീയെ തേടി. ഇത്തവണ അവനും അവളെ നോക്കി.
കണ്ണുകൾ നൽകിയ സമ്മതം ഉളവാക്കുന്ന ശ്രീയുടെ ആംഗ്യം കണ്ടപ്പോൾ റിതിന്റെ വാക്കുകളെ നേരിടാൻ ആത്മ വിശ്വാസം കിട്ടിയത് പോലെയൊരു പ്രതീതി അവളിൽ ഉളവായി. ഓഫീസിനുള്ളിൽ തന്നെ കാത്തു നിൽക്കാൻ വേണ്ടി അവളും തിരിച്ച് ആംഗ്യം കാണിച്ചു. സമ്മതമറിയിച്ചുള്ള ശ്രീയുടെ മറുപടി ആംഗ്യവും കണ്ട് ആശ്വാസത്തോടെ അവൾ റിതിന്റെ അടുത്തേക്ക് ചെന്നു.
“മീറ്റിംഗ് ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞതല്ലേ..?”
ദേഷ്യത്തോടെയാണ് അവൾ റിതിന്റെ കേബിനുള്ളിലേക്ക് കയറിയത്.
“മീറ്റിംഗ് തന്നെയാണ്.. നീയുമായുള്ള മീറ്റിംഗ്.”
അവളവനെ രൂക്ഷമായി നോക്കി.
“ഇരിക്കെടി..”
“വേണ്ട..”
“എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ..? പ്ലീസ് ഒന്നിരിക്ക്..”
അത് കേട്ട് മടിയോടെ അവൾ കസേരയിൽ ഇരുന്നു.
“ഉച്ചക്ക് കാന്റീനിൽ വച്ച് എന്തായിരുന്നു സംസാരം..?”
“എന്ത്..?”
“നീയും ശ്രീയും..”
“ഒന്നുമില്ല..”
“നിന്റെ കണ്ണുകൾ കലങ്ങിയത് ഞാൻ ശ്രദ്ധിച്ചിരുന്നു.”