“നോക്കി ദഹിപ്പിക്കേണ്ട.. വർക്കിന്റെ കാര്യം ചോദിക്കാനാ വിളിപ്പിച്ചേ…”
റിതിന്റെ നിസ്സഹായമായ പറച്ചിലിൽ ചിരി വന്നെങ്കിലും അവൾ കടിച്ചു പിടിച്ചു. മെല്ലെ നീങ്ങി മുൻപിലെ ചെയറിൽ വന്നിരുന്നു.
“ഓ.. അപ്പോ വന്നപാടും ഇരിക്കാനും അറിയാം..അല്ലേ..?”
“മ്മ്..”
അവൾ ചെറുതായൊന്നു മൂളിയതേ ഉള്ളു. മയമില്ലെന്ന് കണ്ടപ്പോൾ വർക്കിന്റെ കാര്യങ്ങൾ തന്നെ അവൻ സംസാരിച്ചു. പുതിയ കുറച്ച് നിർദേശങ്ങളായിരിന്നു. അവന്റെ മുഖത്ത് പോലും നോക്കാൻ നിൽക്കാതെ അവളെല്ലാം കേട്ടു. ഡിസ്‌കഷൻ കഴിഞ്ഞ് ഒന്നും മിണ്ടാതെ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവന്റെ വിളി വന്നു.
“ആമി..”
എന്താ ന്നുള്ള ഭാവത്തിൽ അവൾ തിരിഞ്ഞു നോക്കി.
“എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം..”
“എനിക്കൊന്നും സംസാരിക്കാനില്ല.”
“വേണ്ട.. എനിക്ക് പറയാനുള്ളത് കേൾക്കാലോ..”
“അതും വേണ്ട..”
“എനിക്ക് നിന്നെ മനസിലാകുന്നില്ല.. നീ എന്ത് കാരണത്തിന്റെ പേരിലാ എന്നോട് ദേഷ്യം കാണിക്കുന്നത്..?”
അവളൊന്നും മിണ്ടാതെ ക്യാബിൻ ഡോർ തുറന്ന് പുറത്തിറങ്ങി. പക്ഷെ പെട്ടെന്നവൾക്കൊരു വല്ലായ്മ തോന്നി. ഒന്നും മിണ്ടാതെ വരേണ്ടിയിരുന്നില്ല. പക്ഷെ ആ മനസ്താപം ശ്രീയെ കണ്ടപ്പോൾ മാറി. വൈകുന്നേരങ്ങളിൽ ശ്രീയോടൊന്നിച്ച് ഇറങ്ങാൻ വേണ്ടി അവൾ സസൂഷമം ശ്രദ്ധിച്ചു. അങ്ങനെയുള്ള രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ റിതിനുമായി അടുപ്പം കുറഞ്ഞത് പോലെ തന്നെയായി.
വൈകുന്നേരങ്ങളിൽ റിതിൻ പ്ലാൻ ചെയ്ത മീറ്റിംഗുകളിൽ നിന്ന് പോലും കൗശലപരമായി അവൾ വഴുതി. അവൻ വീണ്ടും പിരിമുറുക്കങ്ങളുടെ കയത്തിലേക്ക് താഴ്ന്നു. തന്റെ മുന്നിൽ സംസാരങ്ങൾക്ക് അകപ്പെട്ടാൽ മനസ്സ് മാറിപോകുമോ എന്ന് കരുതി തന്നെയാണ് ആമി ഒഴിഞ്ഞ് മാറുന്നതെന്ന് റിതിന് അറിയാം. കാര്യങ്ങൾ ഏതു രീതിയിലേക്ക് നീങ്ങുമെന്ന് അവൾക്കും ഒരു ബോധമുണ്ട്.