വലം കൈവെള്ളയിൽ ചുരുട്ടിപ്പിടിച്ചിരുന്ന “”മയിലിന്റെ പത്തുരൂപാ നോട്ട് “ കൈ വെള്ളയിലിട്ടു തന്നെ വിടർത്തി സേതുലക്ഷ്മി ഡയറിയിലേക്കു വെച്ചു…
ശ്രീനിവാസൻ ഡയറിയടച്ചു…
കമ്പക്കെട്ടിന് തീ കൊളുത്തിയിരുന്നു…
നിളയുടെ കരയിലെ വർണ്ണ വിസ്ഫോടനങ്ങൾ മുഖത്തും നെഞ്ചിലുമേന്തി, ശ്രീനിവാസന്റെ ചുറ്റിനും പെൺകൊടികൾ നിരന്നിരുന്നു…
“” ഇവളാഗ്രഹിക്കുന്ന ആളിനെ കിട്ടും എന്ന് ഉറപ്പാണോ… ? “
എഴുന്നേൽക്കുമ്പോൾ സംശയ നിവൃത്തിക്കെന്നവണ്ണം ചുരിദാറുകാരി ഒന്നു കൂടി ചോദിച്ചു…
“” സംശയമെന്താ……….. “
ശ്രീനിവാസൻ ചിരിച്ചു…
പെൺകുട്ടികൾ അയാൾക്കരികിൽ നിന്നും തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി…
അല്പ ദൂരം പോയ ശേഷം അവർ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും അയാൾ ശ്രദ്ധിച്ചു..
ഇടയ്ക്ക് താനിരിക്കുന്നിടത്തേക്ക് നോക്കുന്നതു കണ്ടപ്പോൾ ശ്രീനിവാസനും ചുറ്റിനുമൊന്നു നോക്കി…
ഏയ്…
തന്റെ പിന്നിലാരുമില്ല…
തന്നെ തന്നെയാണ്…
തന്റെ പ്രവചനങ്ങളൊന്നും ശരിയല്ലേ… ?
ജ്യോതിഷം സത്യമാണല്ലോ… !
അങ്ങനെ സംഭവിക്കാൻ വഴിയില്ല..
അവർ സന്തോഷമായിട്ടാണ് പോയതും…
ഇനി തന്നെ കളിയാക്കിയതാണോ…………?
ചുരിദാറിട്ട പെൺകുട്ടി, സേതുലക്ഷ്മിയെ ഒന്നു രണ്ടു തവണ തള്ളിവിടാൻ ശ്രമിക്കുന്നത് കൺകോണാൽ ശ്രീനിവാസൻ ശ്രദ്ധിച്ചു…
എന്തോ പന്തികേടുണ്ട്… ….!
ശ്രീനിവാസൻ വസ്ത്രങ്ങൾ നേരെയാക്കി ഒന്നുകൂടി നിവർന്നിരുന്നു…
അടുത്തിരുന്ന കവറിൽ നിന്ന് ഒരു ചെറുപഴമെടുത്ത് തത്തയുടെ കൂടു തുറന്ന് അകത്തേക്ക് വെച്ചതും ചുരിദാറുകാരിയും മറ്റൊരു ദാവണിക്കാരിയും അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.