അതിലും വലിയ മെച്ചമോ പുരോഗതിയോ ഉണ്ടായിരുന്നില്ല…
അല്ലെങ്കിലും അന്നന്നേത്തേക്കുള്ള അന്നം മാത്രമായിരുന്നുവല്ലോ ശ്രീനിവാസന്റെ ലക്ഷ്യം…
അദ്ധ്വാനിച്ചു ജീവിക്കുക, അല്ലെങ്കിൽ പൊരുതി നേടുക, എന്നത് ജീവിത ശൈലിയല്ലാത്ത ഒരു സമൂഹത്തിൽ നിന്നും വന്ന ശ്രീനിവാസന്റെ ജീവിതം അങ്ങനെയങ്ങു ഒഴുകിത്തുടങ്ങി…
അതിനിടയിൽ ഒരു രഥോത്സവത്തിന് കൊടിയേറി…
എങ്ങും ഉത്സവമേളം…
അങ്ങനെ ഒരു രാത്രി തന്റെ തന്നെ കടമുറിയുടെ മുൻപിൽ മുനിഞ്ഞു കത്തുന്ന റാന്തലിനരികെ തത്തയും കൂടുമായിരിക്കുന്ന ശ്രീനിവാസന്റെയടുത്തേക്ക് മൂന്നാലു പെൺകുട്ടികൾ വന്നു… ….
മൂന്ന് ദാവണികൾ…..
ഒരു ചുരിദാറുകാരി…
നാട്ടിലെ കറക്കത്തിനിടയിൽ കണ്ടു പോയ മുഖങ്ങളാണ്… ….
വഴിയിൽ വെച്ച് സ്കൂളിലും കോളേജിലുമൊക്കെ പോകുന്നതു കാണാറുണ്ട്…….
അതിലൊരാൾ സേതുലക്ഷ്മിയായിരുന്നു…
റാന്തലിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് സേതുലക്ഷ്മി തന്റെ ഇടതു കൈ നീട്ടി…
പല വർണ്ണങ്ങളിലുള്ള കുപ്പിവളകൾ കൈത്തണ്ടയെ ചുംബിച്ചിരിക്കുന്നു…
മൃദുവായ അവളുടെ ഉള്ളം കയ്യിലേക്ക് നോക്കി , ശ്രീനിവാസൻ മുഖമുയർത്തി…
“” നിക്ക് , നിങ്ങളെയൊക്കെ അറിയാലോ… പിന്നെ ഞാനെന്തു പറയാനാ… ? ”
“” അറിയുന്നോരുടെ കൂട്ടം പറഞ്ഞൂടാന്നുണ്ടോ… ?””
സേതുലക്ഷ്മിയുടെ ചുമലിൽ കയ്യിട്ടു നിന്ന ചുരിദാറുകാരിയാണത് ചോദിച്ചത്…
കൂട്ടത്തിൽ കുറച്ചു പരിഷ്ക്കാരി അവളാണെന്ന് തോന്നിക്കുമായിരുന്നു…
“ അതില്ല……… പക്ഷേ, ഞാനെന്തു പറഞ്ഞാലും നിങ്ങൾക്കത് വിശ്വാസായി തോന്നില്ല… “
“” അത് ഞങ്ങള് വിശ്വസിച്ചോളാം… ല്ലേ , സേതൂ………. “