മധുമിതയ്ക്കുള്ള നുള്ള് തനിക്കു കിട്ടിയ കലിപ്പിൽ മനുമിത മന്ത്രമിതയെ നോക്കി കണ്ണുരുട്ടി…
“” ഞാൻ അലക്കും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ദോശ ഉണ്ടാക്കി വെച്ചോണം… “
ഉത്തരവിട്ട് സേതുലക്ഷ്മി മുറിക്കു പുറത്തിറങ്ങി..
സേതുലക്ഷ്മിയുടെ കുളിയും അലക്കും രാവിലെ പുഴയിലാണ്…
മന്ത്രമിതയെ ഇടയ്ക്ക് പുഴയിൽ കൊണ്ടുപോകും എന്നല്ലാതെ, മധുമിതയോ മനുമിതയോ വയസ്സറിയിച്ച ശേഷം പുഴയിലേക്ക് കൊണ്ടുപോകാറില്ല..
ഞരട് കിട്ടിയ ചെവിയിൽ തലോടിക്കൊണ്ട് മനുമിത കിടക്കയിൽ നിന്നും എഴുന്നേറ്റു…
മധുമിത…
മനുമിത……….
മന്ത്രമിത………………
യഥാക്രമം ഡിഗ്രിയ്ക്കും പത്താം തരത്തിലും ആറാം തരത്തിലും പഠിക്കുന്നവർ…
സേതുലക്ഷ്മിയുടെയും ശ്രീനിവാസന്റെയും മൂന്നു പെൺകുട്ടികൾ…
കല്പാത്തിയുടെയും ശേഖരിപുരത്തിനുമിടയ്ക്കായി, അഗ്രഹാരങ്ങളിൽ പെടാത്ത കുറച്ചു വീടുകളുണ്ട്…
തമിഴ് ബ്രാഹ്മണൻമാരുടെ ആശ്രിതരും സംബന്ധക്കാരുമായി പതിറ്റാണ്ടുകൾക്കു മുൻപേ കുടിയേറിയവരിൽ പെട്ടവരുടെ പിൻ തലമുറക്കാരും അല്ലാത്തവരും…
ശ്രീനിവാസൻ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ തമിഴ്നാട്ടിലേക്ക് തിരിച്ചു പോയതായിരുന്നു…
ബാല്യം പാലക്കാടായിരുന്നു…
കുറച്ചു കാലം സംഗീതം പഠിച്ചു..
പിന്നെ തറവാട്ടു വക ജ്യോതിഷവും…
അച്ഛന്റെയും അമ്മയുടെയും മരണശേഷം സഹോദരങ്ങളില്ലാത്ത ശ്രീനിവാസൻ , തന്റെ ജ്യോതിഷത്തിനും സംഗീതത്തിനുമൊന്നും തമിഴ്നാട്ടിൽ ആരും വില കൽപ്പിക്കാത്തതിനാൽ തിരിച്ചു പാലക്കാടിന് വണ്ടി കയറി…
ശേഖരീപുരത്തുള്ള അനാഥമായിക്കിടക്കുന്ന വീടും രണ്ടു ചെറിയ കടമുറികളുമായിരുന്നു തിരികെ വരാനുള്ളതിന്റെ പ്രധാന കാരണം……