“ ഇന്ന് അമ്പലത്തിൽ കല്യാണമുണ്ട്… തീരുന്നതിനു മുൻപ് ഒരു മുഴം ഞാൻ മധുവിന് മാറ്റി വെച്ചതാ… “
സ്വാമിനാഥൻ നീട്ടിയ പൊതി വാങ്ങി, മധുമിത മുല്ലമാല വിടർത്തി…
പിന്നിലേക്ക് കിടന്ന മുടിയിഴകൾ മധുമിത മുന്നിലേക്കെടുത്തിട്ടു…
സ്ലൈഡിൽ കോർത്ത് , അവൾ മുല്ലമാല മുടിയിൽ കോർത്തപ്പോഴും റേഡിയോയിൽ നിന്ന് പാട്ടുകേൾക്കുന്നുണ്ടായിരുന്നു…
“” ഇന്നാണ് ഈ ആകാശവാണിക്കാരേക്കൊണ്ട് എനിക്കൊരു ഉപകാരമുണ്ടായത്…… “
സ്വാമിനാഥൻ പുഞ്ചിരിയോടെ പറഞ്ഞു…
മധുമിത അപ്പോഴാണ് പാട്ടു ശ്രദ്ധിച്ചത്…
“” എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കൾ…….””
“” അയ്യടാ……………..””
മുടിയിഴകൾ പിന്നിലേക്കെടുത്തിട്ട് മധുമിത കവിളുകളും ചുണ്ടും വക്രിച്ചു കാണിച്ചു…
സ്വാമിനാഥൻ പുഞ്ചിരി നിർത്താതെ തന്നെ അവളെ നോക്കി നിന്നു…
നിമിഷമേറുന്തോറും മധുമിതയുടെ മുഖത്തും ലജ്ജ പരക്കുന്നത് അവൻ കണ്ടു…
കണ്ണുകൾ ഇടഞ്ഞതും അവൾ മുഖം താഴ്ത്തി…
പൂക്കടയുടെ അപ്പുറത്തുള്ള പലചരക്കു കടയുടെ മുന്നിലായി ഒരു കാർ വന്നു നിന്നു…
അധോമുഖിയായ അവളുടെ അധരങ്ങൾ പതിയെ, ഒരു പുഞ്ചിരിയാൽ വിടരുന്നത് സ്വാമിനാഥൻ കണ്ടു…
മുടിയിലെ മുല്ലപ്പൂമാറ്റ് അവളുടെ വിരിഞ്ഞ ചൊടികൾക്കിടയിലും അവൻ കണ്ടു…
നിർമ വാഷിംഗ് പൗഡറിന്റെ പരസ്യം റേഡിയോയിൽ കേട്ടു തുടങ്ങിയിരുന്നു…
🌺 🌺 🌺 🌺 🌺
പാലക്കാട് മുൻസിപ്പൽ സ്റ്റാൻഡിന് എതിർ വശത്തുള്ള ഹോട്ടലിനു മുന്നിൽ കാർ നിർത്തി, സേതുവും അനിയനും ഇറങ്ങി..
അജയൻ കൂടെ ഉണ്ടായിരുന്നില്ല..