അച്ഛൻ തിരിച്ചു വിളിച്ചില്ലെങ്കിൽ താനും വാശി തന്നെ എന്ന് സേതുലക്ഷ്മി തീരുമാനിച്ചു…
കുറുപ്പ് തന്നെ മരുമകനായി അംഗീകരിക്കാതിരുന്നതിന്റെ നിരാശ, ശ്രീനിവാസനുണ്ടായിരുന്നു…
പോരാത്തതിന് പാലക്കാട് മൊത്തം പാട്ടായ നൂറുരൂപക്കഥയും…
സ്വന്തം കാലിൽ നിൽക്കാനായ ശേഷം മോഹൻദാസ് സഹോദരിയെ തേടി വന്നു തുടങ്ങി…
അയാളായിരുന്നു ഏക സഹായം…
അരിയും പലവ്യഞ്ജനങ്ങളും ചിലപ്പോഴൊക്കെ പണവും കൊടുത്ത് അയാൾ തന്റെ സഹോദരിയെ സഹായിച്ചിരുന്നു…
കടമുറികളിലൊന്ന് പലവ്യഞ്ജന കടയായിരുന്നു…
അതുകൊണ്ടു തന്നെ അയാളിൽ നിന്ന് ഒരിക്കലും വാടകയായി വാങ്ങേണ്ടി വന്നിട്ടില്ല…
അടുത്ത മുറി പൂക്കട……
ക്ഷേത്രത്തിലേക്കുള്ള ആളുകൾക്കായി പൂജാസാധനങ്ങളും പൂക്കളും കച്ചവടം നടത്തുന്ന സ്വാമിനാഥന്റെ കട…
സേതുലക്ഷ്മി, പുഴയിൽ നിന്ന് അലക്കും കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും മനുമിത കുളി കഴിഞ്ഞ് അടുക്കള ജോലികളിലായിരുന്നു…
“ വന്നു വന്ന് പുഴയിൽ സമാധാനമായി കുളിക്കാൻ കഴിയാണ്ടായി…””
സേതുലക്ഷ്മി പിറുപിറുത്തു…
“” എന്താ അമ്മേ കാര്യം… ?””
ദോശ മറിച്ചിടുന്നതിനിടയിൽ മനുമിത തിരക്കി…
“” ഷൂട്ടിംഗ്… “”
ഉണങ്ങിയ തോർത്തെടുത്ത് മുടിയിൽ വട്ടം ചുറ്റുന്നതിനിടയിൽ സേതു ലക്ഷ്മി പറഞ്ഞു…
“” ഞങ്ങളും കൂടി ഒന്നു പോയിക്കാണട്ടെ അമ്മേ………. “
മനുമിത അനുവാദം ചോദിച്ചു…
“ പിന്നേ… അടങ്ങിയിരുന്നോണമിവിടെ… ഒരാള് പണ്ട് ഗാനഗന്ധർവ്വനാകാൻ നടന്ന കാര്യമറിയാമല്ലോ… ഇപ്പ ദേ അഷ്ടപദിയും പാടി അമ്പലത്തിൽ കുത്തിയിരിക്കുവാ…”
മനുമിത, ദോശയ്ക്ക് രണ്ടു കുത്തു കൊടുത്ത് കലിപ്പു തീർത്തു….