ഒളിച്ചോട്ടം…
തമിഴ്നാട്ടിലേക്കായിരുന്നു…
അമ്മ കൊടുത്തേൽപിച്ച ചെറുതല്ലാത്ത സംഖ്യ കയ്യിലുള്ളതിനാൽ കല്യാണത്തിന് തടസ്സങ്ങളൊന്നും ഉണ്ടായില്ല…
പൊലീസ് കുറുപ്പിനെയും ബന്ധുക്കളെയും കൂട്ടി അന്വേഷിച്ചു വന്നു…
വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല…
ഒരു കുട്ടിയൊക്കെ ആകുമ്പോൾ എല്ലാവരും എല്ലാം മറക്കുമെന്ന സാമൂഹിക സിദ്ധാന്തം കുറുപ്പിന്റെ കാര്യത്തിൽ ഫലവത്തായില്ല…
“” എന്റെ മോളെ ചാടിച്ചു കൊണ്ടുപോകാൻ നൂറുരൂപ എരന്നു വാങ്ങിയ നാറിയാണവൻ……….””
കുറുപ്പ് തന്റെ രോഷം എല്ലാവരോടും പറഞ്ഞു നടന്നു……
“ പത്തു രൂപയ്ക്ക് ഗതിയില്ലാത്ത അവന്റെ കൂടെ പോയ അവൾ ഇവിടെ പാട്ടും പാടി വന്നില്ലെങ്കിൽ നോക്കിക്കോ………. “
കുറുപ്പിനെ ഏറ്റവും തകർത്തത് സഹോദരിയുമായുള്ള ബന്ധം തകർന്നതായിരുന്നു…
കൂടെ നാണക്കേടും……….
ശ്രീനിവാസൻ തമിഴ്നാട്ടിൽ തന്നെ ഒരു ടീ-ഷോപ്പിൽ ജോലിക്ക് കയറി…
വലിയ ശമ്പളമൊന്നും ഇല്ലായിരുന്നു…
മധുമിത ജനിച്ചു…
കുറുപ്പ് വന്നില്ല…
മനുമിത ജനിച്ചു…
കുറുപ്പ് വന്നില്ല…
കുട്ടികൾ രണ്ടായതോടെ സാമ്പത്തിക പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി…
മധുമിതയെ , കടിഞ്ഞൂൽ സന്തതിയെന്ന പരിഗണനയിൽ കുറച്ചു കാലം നൃത്തം പഠിക്കുവാനും വിട്ടിരുന്നു…
വീട്ടുവാടക പ്രശ്നമാണ്…
വെള്ളം മുതൽ സകലതിനും പൈസ വേണം…
ഒടുവിൽ കുടുംബ സമേതം തിരിച്ചു പാലക്കാടിന്…
കടമുറിയുടെ വാടക വലിയ ആശ്വാസമായിരുന്നു…
മന്ത്രമിത കൂടി ജനിച്ചു..
നാട്ടിലെത്തിയിട്ടും കുറുപ്പ് തിരിഞ്ഞു പോലും നോക്കിയില്ല…
അതിൽ സേതുലക്ഷ്മിയും ശ്രീനിവാസനും ഒരു പോലെ തകർന്നു…