ശ്രീനിവാസൻ ഒരു നിമിഷം മുറ്റത്തു , നിശ്ചലനായി നിന്നു പോയി…
അറിഞ്ഞു കൊണ്ടു വന്നതല്ല……….
മനസ്സ് പറഞ്ഞത് , കാലുകൾ അനുസരിച്ചു…
സേതുവിനെ കാണാനുള്ള ഉത്ക്കടമായ ത്വര ഒന്നു മാത്രമായിരുന്നു ഉള്ളിൽ…
പക്ഷേ, ഇപ്പോൾ… ?
ശരീരത്തെ, എത്തിച്ചു തന്ന ശേഷം മനസ്സ് മാറി നിൽക്കുന്നു…
“” എന്താടോ അവിടെ നിന്നത്… ? കയറി വാ………. “
കുറുപ്പിന്റെ ഘനഗംഭീരം ശബ്ദം കേട്ടു…
“ ഇങ്ങോട്ടു വാടോ……….”
കുറുപ്പ് ചാരു കസേരയിൽ നിന്ന് ഉയർന്നു…
ഉമ്മറത്ത് തെളിഞ്ഞിരിക്കുന്ന ഭദ്രദീപം അവൻ കണ്ടു..
സേതു കൊളുത്തിയ നിലവിളക്ക്…
കുറച്ചു കഴിഞ്ഞ് എടുത്തു വെക്കാൻ അവൾ വന്നേക്കാം…
അങ്ങനെയെങ്കിലും കണ്ടാൽ മതി…
താൻ വന്നു, എന്ന് അറിയിച്ചാൽ മതി…
അരഭിത്തിയ്ക്കു മുകളിലൂടെ ഒരു തല, ഉയർന്നു വന്നത് ശ്രീനിവാസൻ കണ്ടു..
സേതുവല്ല……….
മോഹൻദാസാണ്…
സേതുവിന്റെ അനിയൻ..
ക്ഷേത്രത്തിൽ വെച്ച് അവനെ പല തവണ കണ്ടിട്ടുള്ളതാണ്…
മോഹൻദാസ് , വീണ്ടും തല കുനിച്ചു…
പതിഞ്ഞ ശബ്ദത്തിൽ ശ്രീനിവാസൻ നാമജപം കേട്ടു തുടങ്ങി…
കുറുപ്പ്, കസേരയിൽ നിന്ന് എഴുന്നേറ്റ് ഇളം തിണ്ണയിലേക്കിറങ്ങി വന്നു…
“ എന്താ ശ്രീനിവാസാ കാര്യം… ?””
“” അത്………..””
പെട്ടു പോയതു പോലെ ശ്രീനിവാസൻ നിന്നു പരുങ്ങി…
“” പറയെടോ… “”
മനസ്സു വീണ്ടും കള്ളങ്ങൾ മേഞ്ഞു തുടങ്ങിയിരുന്നു…
“” ഒരു സഹായം…… ഈ സമയത്ത് ചോദിക്കാൻ………. “
“” പറ്റുന്നതാച്ചാ ചെയ്യും…””
കുറുപ്പ് ചിരിച്ചു…
പരമാവധി സംസാരം നീട്ടിയേ പറ്റൂ…
സേതുലക്ഷ്മി, വിളക്ക് തിരികെയെടുത്തു വെയ്ക്കാൻ വരാതിരിക്കില്ല…
“” നാട്ടിൽ ഒന്ന് പോകണമായിരുന്നു…””