സേതുലക്ഷ്മിയുടെ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…
“” വന്നില്ലാച്ചാ………”
ചെല്ലുവാൻ കഴിയാതിരിക്കില്ലായിരുന്നു ശ്രീനിവാസന്…
കോട്ടമൈതാനത്തിന്റെ തിരക്കുകൾക്കിടയിൽ തത്തയും കൂടുമായി ഇരുന്ന ശ്രീനിവാസനെന്ന കാക്കാലനു ചുറ്റും സേതുലക്ഷ്മിയും കൂട്ടുകാരികളുമിരുന്നു…
ചുരിദാറുകാരിക്കു പിന്നിൽ , മറഞ്ഞെന്ന പോലെയായിരുന്നു സേതുലക്ഷ്മിയിരുന്നത്…
“” ദക്ഷിണ കൊടപ്പാ………..””
ആൾക്കാർ തങ്ങളെ ശ്രദ്ധിച്ചു നടന്നു നീങ്ങുന്നതു കണ്ട ശ്രീനിവാസൻ അല്പം ഉച്ചത്തിൽ പറഞ്ഞു…
ചുറ്റിനും ഒന്നു നോക്കിയ ശേഷം സേതുലക്ഷ്മി, തന്റെ തുണിസഞ്ചി തുറന്നു…
നോട്ടുബുക്കിന്റെ ഇതളുകൾക്കിടയിലൊളിപ്പിച്ച, നാലാക്കി മടക്കിയ കടലാസ് ധൃതിയിൽ എടുത്ത് അവൾ , ശ്രീനിവാസൻ തുറന്നു വെച്ച ഡയറിയിലേക്കു വെച്ചു…
അത് ഹൃദയമായിരുന്നു…
സേതുലക്ഷ്മിയുടെ ഹൃദയം…
അവൾ പറയാനാഗ്രഹിക്കുന്നതിന്റെ ആയിരത്തിലൊരംശം പോലും അതിലില്ലായിരുന്നുവെങ്കിലും…
പ്രണയലേഖനം ദക്ഷിണയായി സ്വീകരിച്ച്, ശ്രീനിവാസൻ തത്തയുടെ കൂടിന്റെ കൊളുത്തിളക്കി…
അടുത്ത രഥോത്സവം കൊടിയേറുന്നതിനു മുൻപേ , പിരിയാൻ കഴിയാത്ത വിധം ശ്രീനിവാസനും സേതുലക്ഷ്മിയും അടുത്തു പോയിരുന്നു…
കൂട്ടുകാരൊഴികെ, മറ്റൊരാളും ആ ബന്ധം അറിയാതിരിക്കാൻ ഇരുവരും നന്നായി ശ്രദ്ധിച്ചിരുന്നു..
അല്ലെങ്കിലും ശ്രീനിവാസനെ ആ ഒരു കാര്യത്തിൽ ആരും സംശയിക്കാനിടയുണ്ടായിരുന്നില്ല…
ഒരിക്കൽ പോലും ശ്രീനിവാസൻ അവളുടെ കൈവിരൽത്തുമ്പിൽ പോലും സ്പർശിച്ചിരുന്നില്ല…
എന്നിരുന്നാലും സേതുലക്ഷ്മി ആ അദൃശ്യമായ സ്പർശനം അനുഭവിച്ചറിഞ്ഞിരുന്നു…