അവളുടെ കൃഷ്ണമണികൾ മിന്നുന്നുണ്ടായിരുന്നു…
അവളുടെ നാസികത്തുമ്പിൽ സ്വേദകണങ്ങൾ ഹിമകണങ്ങളായിരുന്നു…
മേൽച്ചുണ്ടിനുമേൽ വിയർത്തിരുന്നു…
അധരം ശോണമായിരുന്നു…
അത് തുടക്കമായിരുന്നു…
ഒരു പ്രണയത്തിന്റെ തുടക്കം…
ഒരു മനോഹര ബന്ധത്തിന്റെ തുടക്കം…
ഒരുമിച്ച് കൂടെയുണ്ടാകുമെക്കാലവും എന്ന ഇരു മനസ്സുകളുടെ വാഗ്ദാനം …
സേതുലക്ഷ്മി അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു…
പോരാത്തതിന് മുറച്ചെറുക്കനുമായി വിവാഹം വാക്കാൽ പറഞ്ഞുവെച്ചിരുന്നവളും…
പ്രായത്തിൽ ഏഴെട്ടു വയസ്സ് വ്യത്യാസവും…
അതുകൊണ്ടു തന്നെ ശ്രീനിവാസൻ അവളെ ആദ്യം പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു…
അത് വിലപ്പോയില്ല എന്ന് മാത്രമല്ല, സേതുലക്ഷ്മി മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു…
“ ന്നെ വേണ്ടാച്ചാ പറഞ്ഞാ മതി… കല്പാത്തിപ്പുഴേല് ആഴൊള്ള സ്ഥലോക്കെ നിക്ക് നിശ്ചയംണ്ട്………. “
അതായിരുന്നു ശ്രീനിവാസനോട് സേതുലക്ഷ്മിക്കുണ്ടായിരുന്ന പ്രണയം…
കടമുറിയ്ക്കു പിന്നിലെ മരഗോവണിയ്ക്കു മറവിൽ നിന്ന്, ഒരു നടുക്കത്തിൽ ശ്രീനിവാസൻ അവളെ നോക്കി…
“ സേതൂ………..!””
“” തത്തയും കൂടുമായി നടക്കണതൊന്നും നിക്കു കുറച്ചിലായി തോന്ന്ണില്യാ… കാക്കാലനും കാക്കാലത്തിയൊന്നും കുടുമ്മമില്ലാത്തോരാ……….?””
ശ്രീനിവാസൻ അവളെ മാത്രം ,അവളെ മാത്രം നോക്കി നിന്നു…
“ ല്ലേലും ഒട്ടുമില്ലായ്മക്കാരനൊന്നൂല്ലല്ലോ ശ്രീനിയേട്ടൻ… …. “
ശ്രീനിവാസനു മറുപടിയുണ്ടായിരുന്നില്ല…
കാര്യങ്ങൾ സേതു പറഞ്ഞത് ശരി തന്നെയാണ്…
“” നേരം വൈകി… നാളെ ക്ലാസ്സ് കഴിഞ്ഞ് മൈതാനത്ത് ഞാൻ നോക്കും.. വന്നില്ലാച്ചാ………. “