വർണ്ണമാലകൾ പിന്നാലെ വന്നു… ….
പല വിധ നിറങ്ങളിൽ വെടിമരുന്നു നിറച്ച പുഷ്പങ്ങൾ ആകാശവിസ്മയം തീർക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു ഗുണ്ടു കൂടി മുഴങ്ങി…
തിരികെ അവരോഹണത്തിലേക്ക്… ….
ശ്രീനിവാസൻ ഒന്നു കുലുങ്ങി…
ചിമ്മിപ്പോയ മിഴികൾ അടച്ചു തുറന്ന് അയാൾ മുന്നിലേക്ക് നോക്കിയെങ്കിലും അയാൾ ഉദ്ദേശിച്ച ദാവണിക്കാരിയും കൂട്ടുകാരും കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല…
ശ്രീനിവാസനെ ചെറുതായി വിയർത്തിരുന്നു…
ചുമലിൽ കിടന്ന കാവിത്തോർത്തിനാൽ മുഖം തുടയ്ക്കവേ അയാൾ കൂട്ടിൽ കിടക്കുന്ന തത്തയെ നോക്കി…
“” ഞാനും കേട്ടു…………” എന്ന അർത്ഥത്തിൽ തത്ത ഒന്നു ചിലച്ചു.
പിന്നെ, ലജ്ജയോടെ അയാൾക്കു മുഖം കൊടുക്കാതെ, പിൻതിരിഞ്ഞ്, കൂട്ടിനുള്ളിലെ വളയത്തിൽ കിടന്ന് ഊഞ്ഞാലാടിത്തുടങ്ങി…
ഇരു കൈകളും പിന്നിലേക്ക് നിരക്കി കുത്തി , ശ്രീനിവാസൻ ശ്വാസം ഒന്നു വലിച്ചു വിട്ടു..
എന്താണ് ആ കുട്ടി പറഞ്ഞിട്ടു പോയത്… ?
അത് താൻ വ്യക്തമായി കേട്ടതാണല്ലോ…
ശ്രീനിവാസന്റെ ഹൃദയം പതിയെ മന്ദഹസിച്ചു തുടങ്ങി…
“” വദനം സോമം…… മമ സഖീ ബിംബം………. “
മനസ്സ് മായികതയാൽ മൂളിത്തുടങ്ങുന്നത് ശ്രീനിവാസൻ അറിയുന്നുണ്ടായിരുന്നു….
സേതു……….!
സേതുലക്ഷ്മി……….!
മുനിഞ്ഞു കത്തുന്ന റാന്തലിന്റെ വെളിച്ചത്തിലിരുന്ന അവളുടെ മുഖം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു…
കുറുനിരകൾ……….
മുടിയിഴകൾ വിയർപ്പിൽ നനഞ്ഞു , പറ്റിച്ചേർന്ന നെറ്റിത്തടം……….
തെളിമയില്ലാത്ത ആ കാഴ്ചയ്ക്ക് , മനസ്സാ ശ്രീനിവാസൻ റാന്തൽത്തിരി ഒന്നുകൂടി ഉയർത്തി…
ഇപ്പോൾ വ്യക്തമാണ് കാഴ്ച…