രാവിലെ എണീറ്റ് പോകാനായി ഉള്ള ഒരുക്കത്തിലാണ് ഞങ്ങൾ. താഴത്തിറങ്ങി ബസ് കയറി വേണം പോകാൻ. ഇവിടുന്ന് ഒരു 2 മണിക്കൂർ യാത്ര ഉണ്ട്. ഇന്ന് രാത്രിയാണ് കല്യാണം.. മിക്കവാറും അവിടെ ഇന്ന് നിൽക്കേണ്ടി വരും. താമസിക്കാനുള്ള ഡ്രസ്സ് എല്ലാം എടുത്ത് ബാഗിലാക്കി ഞങ്ങൾ ഇറങ്ങി..
പുലർച്ചെ മരങ്ങൾക്കിടയിലൂടെ കോടമഞ്ഞിറങ്ങുന്ന വീഥിയിലൂടെ ഞങ്ങൾ നടന്നു.. തണുപ്പത്തു ബീഡിയും വലിച്ചു നിൽക്കുന്ന ആളുകൾ ദേവൂട്ടിയെ കൊതിയോടെ നോക്കുന്നത് എനിക്കിഷ്ടപ്പെട്ടില്ല. പനിയായത് കൊണ്ട് മങ്കി ക്യാപ്പും വച്ചു നടക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ്.. 10 മിനിറ്റ് കാത്തുനിന്നതിനു ശേഷം ഒരു ബസ് കിട്ടി. അങ്ങനെ അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.. എല്ലാവർക്കും സീറ്റ് കിട്ടി..
ബസ് നിർത്തി ഞങ്ങളിറങ്ങിയപ്പോൾ ആദ്യം കണ്ട കടയിൽ നിന്നും അൽപ്പം വെള്ളം കുടിച്ചു മുന്നോട്ടു നടന്നു.. ഇവിടെയൽപ്പം ചൂട് കൂടുതലാണ്. നടക്കുമ്പോൾ എന്റെ കയ്യിൽ പിടിക്കാൻ ദേവു മറന്നില്ല..
ഓട്ടോ വിളിച്ചു കല്ല്യാണ വീട്ടിലെത്തിയ ഞങ്ങളെ എല്ലാവരും സ്വീകരിച്ചു. ദേവൂട്ടിയെ കണ്ടു എല്ലാവരും അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു. ആളുകളെല്ലാം കല്ല്യാണ തിരക്കിൽ ആയിരുന്നു.
ആ വീട്ടിലെ മുകൾ നിലയിലെ ഒരു കുഞ്ഞു റൂം ഞങ്ങൾക്കായി തന്നു. അതിൽ ഞാനും ദേവൂട്ടിയും അമ്മയും പിന്നെ കുഞ്ഞേടതിയും അവരുടെ വയസായ അമ്മായി അമ്മയും മാത്രമാണുണ്ടായിരുന്നത്.. റൂമിൽ കയറി ഡ്രെസ്സെല്ലാം മാറ്റുന്നതിനിടയിലാണ് ദേവൂട്ടി അവിടെ നിന്നും മുടി ചീക്കുന്നത് കണ്ടത്..