“എന്തു രഹസ്യമാ ചേട്ടന്റെ ജീവൻ എന്റെ ഹൃദയത്തോടു പറഞ്ഞേ?” എന്റെ മുഖം പിടിച്ചുയർത്തി എന്റെ കണ്ണില്‍ നോക്കി കുസൃതിയോടെ ഡെയ്സി ചോദിച്ചു.
“എന്റെ ജീവനെ തകർത്തിട്ട് മാത്രമെ നിന്നെ എന്നില്‍ നിന്നും പിരിക്കാൻ കഴിയൂ എന്നാ രഹസ്യം പറഞ്ഞത്.”
ഉടനെ ഡെയ്സിയുടെ കണ്ണുകൾ കലങ്ങി. “വേണ്ട. ചേട്ടന് എന്തെങ്കിലും സംഭവിക്കും മുന്‍പ് എന്റെ ജീവൻ പോണം. ചേട്ടന് എന്തെങ്കിലും സംഭവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനേ എനിക്ക് വയ്യാ. ആദ്യം എന്റെ ജീവൻ പോകും, തീര്‍ച്ച. ചേട്ടന് ഒന്നും സംഭവിക്കില്ല.”
“എന്റെ ഡെയ്സി, നി അനാവശ്യ കാര്യങ്ങൾ ഒന്നും പറയല്ലേ.” എന്റെ ശബ്ദം ഇടറി.
“അനാവശ്യം അല്ല ചേട്ടാ. സത്യമാ പറഞ്ഞത്. എന്റെ ചേട്ടനിൽ നിന്നും മരണം എന്നെ തട്ടിയെടുത്തില്ലേ? ഡെയ്സി കൊഴിഞ്ഞു പോയില്ലേ?” പെട്ടന്ന് കരഞ്ഞുകൊണ്ട് ഡെയ്സി അപ്രത്യക്ഷയായി.
“ഡെയ്സി….??” ഞാൻ അലറി. “എന്നെ തനിച്ചാക്കി നി എങ്ങോട്ടാ പോയത്? തിരികേ വാ ഡെയ്സി.” ഞാൻ കെഞ്ചി.
പക്ഷേ ഡെയ്സി വന്നില്ല. ഞാൻ വീണ്ടും, വീണ്ടും അവളോട് തിരികെ വരാൻ കെഞ്ചി കരഞ്ഞു വിളിച്ചു. പക്ഷേ അപ്പോഴും ഡെയ്സി വന്നില്ല. ഞാൻ തുടർച്ചയായി അവളെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.
“ചേട്ടാ…. റൂബി ചേട്ടാ…. എണീക്ക് പ്ലീസ്….” എന്നെ അവളോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഡാലിയ എന്റെ ചെവിയില്‍ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്നു. ഞാൻ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ഡാലിയ എന്നെ മാറോട് ചേർത്തു പിടിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. ‘ഡെയ്സി’ എന്ന വാക്കിനെ മാത്രം തുടർച്ചയായി ഞാൻ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു.