“കിച്ചു, എന്താടാ നിനക്ക് പറ്റിയെ?”
അവനിൽ വല്ലാത്തൊരു മുഖഭാവം കണ്ട മഹിമ ചോദിച്ചു. എന്നാൽ കിച്ചു അവളുടെ ചോദ്യം കേട്ട് ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി.
“ഏഹ്! എന്താടി, നിനക്ക് വട്ടായോ?? എവിടെ കിച്ചു?? ഇവിടെ ഞാനും അപ്പുവും മാത്രമല്ലെ ഉള്ളു!”
‘എന്റെ അമ്മേ!.. അപ്പു പറഞ്ഞത് നേരാണല്ലോ.. ഇതു കുഴപ്പം തന്നെയാ.. എന്തായാലും തൽക്കാലം ഇവനോട് മനുവേട്ടനോട് പെരുമാറുന്നത് പോലെ സംസാരിച്ചു നോക്കാം.
“ഏയ്, ചുമ്മാ ചോദിച്ചതാ ഏട്ടാ. ഇതെപ്പൊ വന്നു?”
തന്റെ ഏട്ടൻ വിളിയിൽ അവനിൽ വല്ല മാറ്റവും ഉണ്ടോന്നു അവൾ സംശയത്തോടെ നോക്കി. എന്നാൽ അവളുടെയാ മട്ടും ഭാവവും കണ്ട് കിച്ചു ഒന്ന് ചിരിച്ചു.
“അല്ല അപ്പു, ഞാൻ വിചാരിച്ചു നിനക്കു മാത്രമേ വട്ടുള്ളു എന്നാ.. പക്ഷെ ഇതിപ്പൊ ഇവൾക്കുമുണ്ടല്ലോ! രാവിലെ തൊട്ട് ഇവൻ തുടങ്ങിയതാ എന്നോട് ‘കിച്ചു! കിച്ചു!’ എന്നും പറഞ്ഞ്!.. ദാ ഇപ്പൊ നീയും..”
കിച്ചു മനുവിന്റെ രീതിയിൽ നല്ലോണം സംസാരിക്കാൻ തുടങ്ങി.
“അവൻ ചുമ്മാ പറഞ്ഞതാ ഏട്ടാ, ഇതെന്റെ മനുവേട്ടൻ തന്നെയല്ലേ..” ഒന്നാലോചിച്ചുകൊണ്ട് മഹിമ പറഞ്ഞു.
“കണ്ടോടാ അപ്പുക്കുട്ടാ! ഇതാണ് മൈ വൈഫ്.. എന്റെ മഹിമക്കുട്ടി!”
“ഹഹ.. ഹസ്സും കൊള്ളാം, വൈഫും കൊള്ളാം! എന്നാൽ ശെരി, ഞാൻ പോയേക്കുവാ..”
അപ്പു പുറകിൽ നിന്നും കിച്ചുവിന്റെ ഹൈക്ലാസ് അഭിനയം കണ്ട് ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
“ഹാ! വരട്ടെടാ, ചായ കുടിച്ചിട്ട് പോവാം..”