“ഓക്കെ, എന്നാൽ ഞാൻ വേഗമവനെ കൊണ്ടുവരാം. അവൻ കാറിലിരിപ്പുണ്ട് ..”
“പുറത്തോ, എവിടെ? എന്നിട്ടെന്താ നിന്റെ കൂടെ വരാതെ ഇരുന്നേ?” മഹിമയ്ക്ക് സംശയമായി.
“എന്റെ ചേച്ചി, അവനിപ്പോൾ അവധി കഴിഞ്ഞ് നാട്ടിൽ വരുന്ന ചേച്ചിയുടെ മനുവേട്ടൻ അല്ലെ, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നാ അവൻ പറയുന്നേ. ഞാൻ ചേച്ചിയോട് സംസാരിക്കുമ്പോൾ അവൻ പയ്യെ റൂമിൽ കയറി ചേച്ചിക്ക് സർപ്രൈസ് തരുമെന്നാ പറഞ്ഞെ..”
“ഹഹ.. എന്റെ ഏട്ടൻ തന്നെ!..” മഹിമയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.
“മ്മ് ചിരിക്കണ്ട, സത്യമാ ചേച്ചി. ഇപ്പോൾ എല്ലാരും എന്തെടുക്കുവാ, ചേച്ചി എവിടെയാ ഉള്ളെ എന്നൊക്കെ എന്നോട് നോക്കാൻ പറഞ്ഞ് വിട്ടേക്കുവാ അവൻ. എന്നിട്ട് വേണം അവന് ചേച്ചിയെ വന്ന് പേടിപ്പിക്കാൻ..”
“പിന്നെ! നീ ചുമ്മാ പറയുവാ..”
“അല്ല ചേച്ചി, ഞാൻ കൂട്ടിക്കൊണ്ട് വരാം, ചേച്ചി തന്നെ നോക്കിക്കോ..”
“ഹ്മ്മ്..”
“പിന്നെ ഈ വാതിൽ തുറന്നിട്ടേര് കേട്ടോ..”
“ആ..”
അപ്പു അതും പറഞ്ഞുകൊണ്ട് വേഗത്തിൽ ഗേറ്റിനു പുറത്ത് നിർത്തിയിട്ടുള്ള തന്റെ കാറിന്റെ അടുത്തേക്ക് പോയി. അവിടെ കിച്ചു അവന്റെ വരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
“എന്തായി ഡാ, കാര്യം സെറ്റ് ആയോ?..” മടങ്ങി വന്ന അപ്പുവിനോട് ആകാംഷയോടെ കിച്ചു ചോദിച്ചു.
“ഒരു വിധം പറഞ്ഞൊപ്പിച്ചു മോനെ! ഇനി എല്ലാം നിന്റെ കയ്യിലാണ്..”
“പറഞ്ഞതെല്ലാം വിശ്വസിച്ചോ ചേച്ചി?..”
“പിന്നെ.. അത് പോലെ അല്ലേടാ നുമ്മടെ പെർഫോമൻസ്!..”