“എന്റെ അമ്മേ! എന്നിട്ട്?..” മഹിമയുടെ കണ്ണുകൾ മിഴിഞ്ഞു.
“എന്നിട്ടെന്താ, ഇപ്പോൾ അവൻ മനു ആണ്. ഞാൻ അവനെ അടച്ചു പൂട്ടിവെച്ചിരിക്കുന്ന ഒരുത്തനും!..”
“എന്റെ ദൈവമേ! ഇതു വല്ലതും മനുവേട്ടൻ അറിഞ്ഞാൽ എന്നെ പിന്നെ നമ്മളെ ബാക്കി വെച്ചേക്കില്ല! ഒന്നാമത് കൗണ്ട് നോക്കാൻ വേണ്ടിയാ അന്നാ രക്തം ഹോസ്പിറ്റലിൽ നിന്നും കള്ളം പറഞ്ഞുകൊണ്ട് ഞാനെടുത്തേ.. കിച്ചു അത്രയും കാല് പിടിച്ചതുകൊണ്ടാണ് ഞാൻ നിങ്ങൾക്കത് തന്നതും! അതിപ്പോൾ എനിക്ക് തന്നെ പണിയായല്ലേ..”
“ചേച്ചി പേടിക്കണ്ട, മനു ഏട്ടൻ നാട്ടിൽ ഇല്ലല്ലോ, തൽക്കാലം ആരും ഒന്നുമറിയാൻ പോണില്ല.”
“ഹ്മ്മ്, അതാ ആകെ ഉള്ളൊരു ആശ്വാസം..”
“ചേച്ചി, അതല്ല പ്രോബ്ലം, അവനെ അവിടെ നിർത്താൻ പറ്റില്ല. കുഞ്ഞമ്മ വന്നാൽ ആകെ കുളമാകും! ഒന്നാമത് കുഞ്ഞമ്മക്ക് അതൊന്നും ഇഷ്ടമല്ലല്ലോ. പോരാത്തതിന് മനു ഏട്ടനെ പോലെ അവൻ പെരുമാറുമ്പോൾ ബോധം കെട്ട് വീഴാനും ചാൻസുണ്ട്..”
“ആ പെണ്ണുമ്പിള്ളയ്ക്ക് അത് തന്നെ വേണം..” മഹിമ അറിയാതെ ചിരിച്ചുപോയി.
“എന്റെ ചേച്ചി, പ്ലീസ്..”
“എന്തിനാ പ്ലീസ്, ഇക്കാര്യത്തിലിനി ഞാൻ എന്ത് ചെയ്യാനാ..” മഹിമ നെറ്റി ചുളിച്ചു.
“പറയാം.. ചേച്ചി അവനെ ഒരു രണ്ട് ദിവസം ഇവിടെ നിർത്താവോ? ആ മരുന്നിന്റെ ഹാങ്ങോവർ ഒന്ന് മാറുന്നത് വരെ..”
“പോടാ! അതൊന്നും നടക്കില്ല! നീ വല്ല റൂമോ മറ്റോ എടുത്തേച്ച് അങ്ങോട്ട് കൊണ്ടുപോ അവനെ! ഓരോരോ കുരിശ്..”
“എന്റെ പൊന്ന് ചേച്ചി! പറയുന്ന കേൾക്ക്, അവൻ പുറത്തിറങ്ങിയാൽ ആകെ ഗുലുമാലാവും. പ്ലീസ്, രണ്ട് ദിവസം മാത്രവേ വേണ്ടു. ഒന്നുമേല്ലേലും ചേച്ചിയുടെ അമ്മായിടെ മോൻ അല്ലെ..”