‘തെണ്ടി മുങ്ങുവാ!.. ഹും, നീ ഇനി വരുവല്ലോ.. അന്നേരം നിന്റെ അന്ത്യമാടാ!’ അവൾ അപ്പുവിനെ നോക്കി പല്ല് കടിച്ചു.
“എന്നാ ശെരി, ഞങ്ങൾ പോയി വരാം മോളെ..”
“ശെ..രി അമ്മാവാ.”
“ഉം.”
അമ്മാവനും അവളോട് യാത്ര പറഞ്ഞുകൊണ്ട് കാറിൽ കയറി. അപ്പു വേഗം കാറും കൊണ്ട് അവിടുന്ന് തടിതപ്പി.
മഹിമ പെട്ടെന്നു വന്ന ദേഷ്യം കൊണ്ട് വേഗമാ വാതിൽ വലിച്ചടച്ചു കുറ്റിയിട്ടു. പിന്നെ ആ വാതിലിൽ തന്നെ ചാരി നിന്നുകൊണ്ട് കിച്ചുവിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് ആലോചിച്ചു. ഒടുവിൽ അവൾക്കൊരു ഐഡിയ വന്നു.
‘വീടിന്റെ മുകളിലെ ടെറസിൽ റബറിന്റെ ഇല വീണുകിടപ്പുണ്ട്. അത് ക്ലീനാക്കാൻ പോകാം. കുറെ സമയമവിടെ എന്തേലും ചെയ്തുകൊണ്ട് നിന്നിട്ട്, അപ്പു ഫ്രീയാകുമ്പോൾ അവനെ തിരിച്ചുവിളിച്ച് കിച്ചുവിനെ അങ്ങോട്ട് വിടാം. അത് തന്നെ വഴി!’
മഹിമ വേഗം അടുക്കളയിൽ ചെന്ന് ഒരു ചൂൽ എടുത്തു. പിന്നെ പയ്യെ ചെന്ന് ബെഡ്റൂമിന്റെ വാതിൽ തുറന്നു. അവിടെ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു കിച്ചു.
“ഏട്ടാ, ഞാൻ ടെറസ്സൊന്ന് ക്‌ളീൻ ചെയ്തേച്ചു വരാം. മൊത്തം റബറിന്റെ ഇലയാ.. ഏട്ടൻ അതുവരെ റസ്റ്റ് എടുക്ക്.”
“ഇപ്പൊത്തന്നെ എന്തിനാ അതൊക്കെ! നീ ഇങ്ങോട്ട് വാ..”
“ഏട്ടാ, അമ്മ വിളിച്ചു പറഞ്ഞതാ. ഏട്ടനറിഞ്ഞൂടെ അമ്മയുടെ സ്വഭാവം!”
“പിന്നേ! അമ്മ ഗുരുവായൂർ പോയതല്ലേ. ഇന്ന് ചെയ്തില്ലേലും അമ്മയറിയാൻ പോണില്ല..”
“അതല്ല ഏട്ടാ.. ഏട്ടന് അറിയില്ല, അമ്മ ഞാനിവിടെ എന്തു ചെയ്യുവാണെന്ന് നോക്കാനായി അപ്പുറത്തെ ആരെങ്കിലും ഏർപ്പാടാക്കിക്കാണും! എനിക്ക് വയ്യ അമ്മയുടെ വഴക്ക് കേൾക്കാൻ! ഞാൻ പോയിട്ട് വേഗം വരാം..”