കിച്ചു തന്നെ തന്റെ ഭർത്താവിന്റെ പേരിൽ ഓരോന്ന് ചെയ്യുവാണെന്നു അയാളോട് പറയാൻ പറ്റുവോ.. അവൾ അടുത്ത കള്ളം വെച്ചു കാച്ചി.
“ആണോ, എനിക്കും തോന്നി, മോള് പുതപ്പൊക്കെ പുതച്ച് ഇറങ്ങിയപ്പോൾ.. നല്ല പനിയായിരിക്കും.”
“ഗ്ഹ്മ്മ്..”
“എടാ മോനെ അപ്പു, ഒന്നിങ്ങു വന്നേ..” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
“എന്താ അമ്മാവാ?” അപ്പു ഹാളിൽ നിന്നും വേഗം ഇറങ്ങിവന്ന് ചോദിച്ചു .
“ഞാൻ എത്ര തവണ ബെല്ലടിച്ചു. നീ കേട്ടില്ലേ?”
“അയ്യോ, ഇല്ല അമ്മാവാ.. ഞാൻ ഇയർഫോണിൽ പാട്ട് കേൾക്കുകയായിരുന്നു.”
“ഓഹോ..”
“അതെ അമ്മാവാ.”
അവൻ പോക്കറ്റിൽ കിടന്ന ഇയർഫോൺ ഉയർത്തി അമ്മാവനെ കാണിച്ചു.
“അപ്പോൾ മോന്റെ ആവശ്യം ഇനി ഇല്ലല്ലോ ഇവിടെ.”
“ഇല്ല..” അപ്പു ഇല്ലെന്നു തലയാട്ടിക്കാണിച്ചു.
“എന്നാൽ വാ, നമുക്ക് ഒരിടം വരെ പോകാം. കുറെ നേരമായി വഴിയിൽ നില്ക്കുന്നു. ഈ പൊരിവെയിലത്ത് ഇവിടൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല!”
“എ..എങ്ങോട്ടാ അമ്മാവാ പോവണ്ടേ?”
“അതൊക്കെ പറയാം. നീ വാ, വന്ന് നിന്റെ കാർ സ്റ്റാർട്ടാക്ക്.”
അത് കേട്ടതും അപ്പു ചാടിയിറങ്ങി കാറിൽ കയറി.
‘എന്റെ ദൈവമേ.. അമ്മാവൻ അവനെയും കൊണ്ടുപോകുന്ന മട്ടാണല്ലോ.. പിന്നെ ഇവിടെ കിച്ചുവും ഞാനും മാത്രം! അമ്മേ.. അത് ശെരിയാകില്ല! എങ്ങനെ എങ്കിലുമവനെ തടയണം. എങ്കിലും അമ്മാവനോട് എന്ത് പറയും..’
മഹിമയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് അവൾ അപ്പുവിനെ നോക്കി തിരിച്ചുവരാൻ കണ്ണ് കൊണ്ട് കാണിച്ചു. എന്നാൽ അവൻ കൈ കൂപ്പിക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു.