എന്നാൽ അവിടെ വാതിൽ തുറക്കാതെ ഹാളിൽ തന്നെ ഇരിക്കുന്ന അപ്പുവിനെ കണ്ടതുമവൾക്ക് ദേഷ്യം വന്നു.
“എന്താടാ വാതിൽ തുറക്കാതെ ഇരിക്കുന്നെ?? നി ഡീൽ ചെയ്യാമെന്ന് പറഞ്ഞതല്ലേ. അയാൾക്ക് വല്ല സംശയവും തോന്നും!”
“ചേച്ചി തുറക്ക്. എനിക്കൊന്നാമത് ആ ശവത്തെ കണ്ടുകൂടാ!..”
“യ്യോ, ഇവന്റെ കാര്യം! ഓന്ത് പോലെയാ സ്വഭാവം മാറുന്നെ!.. എല്ലാം കണക്കാ.. ഹും!”
അവൾ അവനെ ശകാരിച്ചുകൊണ്ട് പോയി വാതിൽ തുറന്നു.
അവിടെ ഒരു വളിച്ച ചിരിയുമായി ആ അമ്മാവൻ നിൽകുന്നുണ്ടായിരുന്നു.
“ആ, അമ്മാ..വനോ?”
അവൾ വിക്കി വിക്കി ചോദിച്ചു.
“എന്താ മോളെ, വാതിൽ തുറക്കാനിത്ര താമസം?”
“ഞാൻ കിടക്കുവായിരുന്നു അമ്മാവാ.”
“ഓ..”
“വാ അമ്മാവാ, അകത്തേക്ക് കയറി ഇരിക്കാം.”
“ഇല്ല മോളെ, കയറുന്നില്ല. ഇവിടെ തെക്കേടത്ത് വരെ വന്നതാ. എന്നാ വെയിലാ..”
“ആ, അതെ അമ്മാവാ.”
“അല്ല മോളെ, ഇത് ആരുടേയാ വണ്ടി??”
മുറ്റത്ത് കിടക്കുന്ന അപ്പുവിന്റെ കാർ ചൂണ്ടിക്കൊണ്ട് അയാൾ ചോദിച്ചു.
‘ഹോ.. കെളവന്റെ സംശയം തുടങ്ങി!’ മഹിമ മനസ്സിലോർത്തു.
“അത് അപ്പുവിന്റെയാ അമ്മാവാ.”
“ആണോ, എന്നിട്ട് അവനെന്തിയെ?”
“ഇവിടെ ഉണ്ട്.”
“ആണോ.. അല്ല, നിനക്കെന്താ പറ്റിയെ? ഒരു വല്ലാത്ത ക്ഷീണം പോലെ.. കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ..”
“ചെറുതായി പനി പിടിച്ചു അമ്മാവാ. ഹോസ്പിറ്റലിൽ പോകാനൊരു മടി അത് കൊണ്ട് അപ്പുവിനെ വിളിച്ചു. അവൻ മരുന്നും കൊണ്ട് വന്നതാ.”