“അതിരിക്കട്ടെ, ഇതെന്താടി, ഈ ബെഡ്ഷീറ്റ് പുതച്ചേക്കുന്നെ? വേറൊന്നുമില്ലേ നിനക്കുടുക്കാൻ..”
“അത്.. വേറെ ഉണ്ട്. തണുപ്പ് പിടിച്ചു ഏട്ടാ, അതാ ഇതെടുത്ത് പുതച്ചേ.” അവൾ പെട്ടെന്ന് മനസ്സിൽ വന്ന കള്ളമെടുത്തങ്ങു കാച്ചി.
“ആഹാ! നിന്റെ തണുപ്പൊക്കെ ഞാൻ മാറ്റിത്തരുന്നുണ്ട്..! ബട്ട് ആദ്യമൊന്ന് ഫ്രഷാവണം.. നല്ല ക്ഷീണം!”
“ശോ! എന്നാ ഏട്ടൻ പോയി കുളിച്ചേ വേഗം..”
അവൾ കിച്ചുവിനെ അവിടുന്ന് തള്ളിക്കൊണ്ട് കുളിക്കാൻ പറഞ്ഞു വിട്ടു. അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. അപ്പോഴാണ് അവൾക്കൊന്ന് ശ്വാസം നേരെ വീണത്..
അവൻ മുറിയ്ക്കകത്ത് കയറിയെന്ന് ഉറപ്പായപ്പോൾ മഹിമ പിന്നെ വേഗം വെളിയിലേക്കോടി അവിടെ കാറിൽ കയറാൻ വേണ്ടി നിന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു.
“എടാ അപ്പൂ, നീ പോകല്ലേ! ഇവിടെ നിൽക്ക്. എന്തോ, അവന്റെ പെരുമാറ്റത്തിൽ വല്ലാത്ത പന്തികേട്..”
“എന്താ ചേച്ചി?”
“അത്..”
എന്തോ, തന്റെ ഇടുപ്പിൽ കിച്ചു നുള്ളിയത് അവനോടു പറയാൻ അവൾക്ക് നാണം തോന്നി.
“പറ ചേച്ചീ..”
“അത്.. ഒന്നുമില്ലടാ. കുറച്ചു കഴിഞ്ഞു പോകാം നിനക്ക്. ഇപ്പൊ പോയിട്ട് തിരക്കൊന്നുമില്ലല്ലോ..”
“പോയിട്ട് തിരക്കൊന്നുമില്ല. എന്നാലും, ഞാൻ ഇനിയുമിവിടെ നിന്നാൽ മനുവേട്ടന് ദേഷ്യം വരില്ലേ..”
“പിന്നെ!.. ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് മനുവേട്ടൻ പോലും!.. നീ അവനെ കിച്ചുവായി തന്നെ കണ്ട് സംസാരിച്ചാൽ മതി, അതാ നല്ലത്..”